കേരളത്തിലെ ആരോഗ്യ രംഗത്തെ നേട്ടങ്ങളില്‍ ആയുര്‍വേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുര്‍വേദ രംഗത്ത് ഗവേഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ച് സെന്ററും ഔഷധി പഞ്ചകര്‍മ ആശുപത്രി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിപുലവും വ്യത്യസ്തവുമാണ് ആയുര്‍വേദ ചികില്‍സാശാഖ. ശാസ്ത്രകുതുകികള്‍ക്ക് ഉത്തരംകിട്ടാന്‍ പ്രയാസം കാണുന്ന കാര്യങ്ങള്‍ ഈ ചികിത്സാ രീതിയിലുണ്ട്. നമ്മള്‍ പഠിച്ചതോ അറിഞ്ഞതോ ആണ് സത്യമെന്ന ധാരണ ശരിയല്ല സര്‍ട്ടിഫിക്കറ്റില്ലാത്തവരെല്ലാം അയോഗ്യരാണെന്ന ധാരണ പൊതുവെയുണ്ട്.

എന്നാല്‍ ആയുര്‍വേദ ചികിത്സാ ശാഖയില്‍ ഇത് ശരിയല്ല. അറിവുകള്‍ സ്വീകരിക്കാനും അറിയാനുമുള്ള ത്വര എല്ലാവര്‍ക്കുമുണ്ടാവണം. നാടിന്റെ തനതായ ശീലമാണ് ആയുര്‍വേദം. പഞ്ചകര്‍മ്മം, ഉഴിച്ചില്‍ ചികിത്സാമേഖലയിലെ അവിദഗ്ദ്ധരുടെ ഇടപെടല്‍ ഈ മേഖലക്ക് അപചയമുണ്ടാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രി കെ കെ ഷൈലജ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍, മേയര്‍ അജിത വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.