ആര്‍എസ്എസിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി സംവിധായകന്‍ പാ രഞ്ജിത്ത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് പാ രഞ്ജിത്ത് പറയുന്നു. കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.

ഈ ഭിന്നിപ്പിക്കലിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാന വിഷയമാണ്. ഇത് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ സ്ത്രീകളെക്കുറിച്ച് ഒരുപാട് പ്രശ്‌നങ്ങള്‍ അരങ്ങേറുന്ന സമയമാണ്. എല്ലാ മേഖലയിലും സ്ത്രീകള്‍ ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാലും ജാതിമതം ഇവയുടെ പേരില്‍ പൗരോഹിത്യം അധികാരം ഉറപ്പിക്കുന്നുണ്ട്. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു സാംസ്‌കാരിക പോരാട്ടം നടക്കുന്നു.

ആര്‍ത്തവം കാരണം വീടില്‍ നിന്നും കുടിലിലേക്ക മാറ്റി പാര്‍പ്പിച്ച ഒരു യുവതി മരിച്ചത് ഈ ഇടക്കാണ്. എല്ലായിടത്തും സ്ത്രീകള്‍ക്ക് ഒരുപാട് ചടങ്ങുകള്‍ ഉണ്ട്. അതിനെതിരെയുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റലായി മുന്നേറുന്ന ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് ആചാരങ്ങളാണെന്നും ജാതി ചിന്ത ഇന്ത്യ നേരിടുന്ന വലിയ പ്രശ്്‌നമാണെന്നും അദ്ദേഹം പറയുന്നു.