സഖ്യസാധ്യതകളെ പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു; സാധ്യമാകേണ്ടത് യുപിയിലേത് പോലുള്ള സഖ്യങ്ങള്‍: പ്രകാശ് കാരാട്ട്

കുവൈത്ത് സിറ്റി: അടുത്ത തെരെഞ്ഞെടുപ്പിലെ രാഷ്ട്രീയ സഖ്യസാധ്യതകളെപ്പറ്റി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിധത്തിലാണ് പല മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി.

(അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ കാണുക.പരിഭാഷ പൂര്‍ണ്ണരൂപത്തില്‍ താഴെ). കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം ഉണ്ടാക്കാതെ ബിജെപിയെ പരാജയപ്പെടുത്താനാകില്ല എന്നു കാരാട്ട് പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

ദേശീയ അടിസ്ഥാനത്തിൽ ഒരു സഖ്യവും വരുന്ന തെരഞ്ഞെടുപ്പിൽ സാധ്യമാകില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് കാരാട്ട് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് നയിക്കുന്നതും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെട്ടതുമായ ഒരു സഖ്യം സാധ്യമാണോ എന്ന് പലരും ചോദിക്കുന്നുണ്ട്.

ഇത് അസാധ്യമാണ്. രാഷ്ട്രീയമായി പ്രായോഗികവുമല്ല.ചില പ്രാദേശിക പാർട്ടികൾ ചേർന്ന് ഫെഡറൽ മുന്നണി ഉണ്ടാക്കാനുള്ള നീക്കമുണ്ട്. ഇതും പ്രയോഗ സാധ്യത ഉള്ള നിർദ്ദേശമല്ല.

വിവിധ സംസ്ഥാനങ്ങളില്‍ ആ സംസ്ഥാനത്ത് ഒന്നിച്ചുനില്‍ക്കാനാകുന്ന ദേശീയ -പ്രാദേശിക പാർട്ടികൾ ചേർന്ന് ബിജെപിയെ എതിരിടണമെന്നാണ് ഞങ്ങളുടെ പാർട്ടി ചിന്തിക്കുന്നത് ഇത്തരത്തിൽ സംസ്ഥാനതലത്തിൽ ധാരണകൾ രൂപപ്പെടുകയാണെങ്കിൽ അതായിരിക്കും ബിജെപിയെ പരാജയപ്പെടുത്താനുള്ള ഫലപ്രദമായ മാർഗ്ഗം.

പിന്നീടുള്ള ചോദ്യം തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ വരേണ്ട മതനിരപേക്ഷ സർക്കാരിന്റെ ഘടനയെയും അതിലെ പങ്കാളിത്തത്തെ പറ്റിയുമാണ്.

അത് പിന്നീട് പരിശോധിയ്ക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ അടിയന്തരമായി വേണ്ടത് ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ പ്രധാന ശക്തികളെ സഹകരിപ്പിക്കുക എന്നതാണ്.

അത് ബിജെപിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും സഹായിക്കും. അതാണ്‌ ഇപ്പോള്‍ എസ് പി-ബി എസ് പി സഖ്യത്തിലൂടെ ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരിക്കുന്നത്.-കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel