തിരുവനന്തപുരം:‘തിങ്കളാ‌ഴ‌്ച മകരവിളക്ക‌് കഴിയും. അതിനുശേഷം എന്തുചെയ്യും’ ഇതാണ‌് ഇപ്പോഴത്തെ ആലോചന. ഭക്തരുടെയല്ല, ദേവസ്വം ബോർഡിന്റെയും അല്ല; ബിജെപി കേരള ഘടകത്തിന്റേതാണ‌് ഈ ആത്മഗതം.

കൊട്ടിഘോഷിച്ച‌് തുടങ്ങിയ സമരം ഇപ്പോൾ നേതാക്കൾക്കും പ്രവർത്തകർക്ക‌ും പുലിവാലായി. ആരും തിരിഞ്ഞുനോക്കുന്നില്ല.

മാധ്യമങ്ങളും കൈവിട്ടു. പകൽ നിരാഹാരം കിടക്കുന്ന മഹിളാനേതാവും പിന്നെ വിരലിലെണ്ണാവുന്ന ചിലരും മാത്രമേ സെക്രട്ടറിയറ്റിന‌് മുന്നിലത്തെ സമരപ്പന്തലിലുള്ളൂ.

രാത്രി നിരാഹാരം കിടക്കുന്ന സ്ഥലം മറച്ച‌് കർട്ടനിടും. പിന്നെ പരിസരത്ത‌് പൊടിപോലുമില്ല കണ്ടുപിടിക്കാൻ. കർട്ടനുപിന്നിൽ ആളുണ്ടോ എന്നതും ആരും അന്വേഷിക്കാറില്ല.

സെക്രട്ടറിയറ്റിനുമുന്നിൽ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിന്റെ കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള അവസ്ഥയാണിത‌്.

ഗ്രൂപ്പ‌് വഴക്കിന്റെ ഭാഗമായി മേൽക്കോയ‌്മ പിടിക്കാൻ പിള്ള പക്ഷം തുടങ്ങിയ നിരാഹാര സമരത്തോട‌് മുരളീധര വിഭാഗം തുടക്കംമുതലേ താൽപ്പര്യം കാണിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ മുൻനിര നേതാക്കളാരും തുടർസമരം ഏറ്റെടുക്കാനും തയ്യാറായില്ല. ഇതോടെ പ്രവർത്തകർക്കുപോലും അറിയാത്ത നേതാക്ക‌ളെ കൊണ്ടുവന്ന‌് നിരാഹാരം കിടത്തേണ്ട അവ സ്ഥയിലായി.

ഇപ്പോൾ നിരാഹാരംകിടക്കുന്ന മഹിളാ മോർച്ച നേതാവ‌് വി ടി രമ, അധികദിവസം തുടരാനില്ലെന്ന‌് അറിയിച്ചിട്ടും പകരം ആളെ കണ്ടെത്താനായിട്ടില്ല.

18ന‌് സെക്രട്ടറിയറ്റ‌് വളഞ്ഞ‌്, ബിജെപിയുടെ ശക്തിപ്രകടനം നടത്തി ആഘോഷമായി സമരം അവസാനിപ്പിക്കാനായിരുന്നു ശ്രീധരൻപിള്ളയുടെ ഉദ്ദേശ്യം.

എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ സെക്രട്ടറിയറ്റിന്റെ ഒരു ഗേറ്റ‌് ഉപരോധിക്കാനുള്ള ആളെപ്പോലും കിട്ടില്ലെന്ന‌് ഉറപ്പായിട്ടുണ്ട‌്.

ശബരിമലയുടെ മറവിൽ ഹർത്താലും അക്രമങ്ങളും വ്യാപകമാക്കിയതോടെ പൊതുസമൂഹം ബിജെപി സമരത്തെ തള്ളി.

മൂന്നുമാസമായി സംസ്ഥാനത്ത‌് അക്രമം നടത്തിയ ബിജെപി പ്രവർത്തകരെ പൊലീസ‌് വ്യാപകമായി പിടികൂടുന്നുണ്ട‌്. പതിനായിരത്തോളം പ്രവർത്തകർ ജാമ്യത്തിലെടുക്കാൻപോലും ആരുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ‌്.

അക്രമത്തിനിറക്കിവിട്ട നേതൃത്വം കൈവിട്ടതോടെ ഇനിയുള്ള പരിപാടികളിലൊന്നും സഹകരിക്കില്ലെന്ന‌് അണികളും പ്രഖ്യാപിച്ചുകഴിഞ്ഞു.

തുടർന്നാണ‌് ആരൊരുമറിയാതെ സെക്രട്ടറിയറ്റ‌് വളയൽ ഉപേക്ഷിച്ചത‌്. അപ്പോഴും സെക്രട്ടറിയറ്റിന‌് മുന്നിലെ നിരാഹാര സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന‌ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല.

15‌ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ പരിപാടികൾക്കുവേണ്ടി കേരളത്തിലെത്തുന്നുണ്ട‌്. ഈ പേരുംപറഞ്ഞ‌് തടിയൂരാനാണ‌് ഇപ്പോൾ ആലോചിക്കുന്നത‌്.