വൈദ്യുതി മേഖലയും ലോക ശ്രദ്ധയിലേക്ക്; ‘ദ്യുതി 2021’ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: പ്രളയാനന്തര ‘നവകേരള’ത്തിന്റെ പ്രതീക്ഷകൾക്ക‌് അനുസൃതമായി കേരളത്തിലെ വൈദ്യുതി സേവനങ്ങളെ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയർത്തും.

പുനരുപയോഗ ഊർജം, ഊർജക്ഷമത, വൈദ്യുതി മോട്ടോർ വാഹനങ്ങൾ, സംഭരണ സാങ്കേതികവിദ്യ തുടങ്ങിയ പുതുതലമുറ സേവനങ്ങൾ നൽകാനാകുന്നവിധം വൈദ്യുതി മേഖലയുടെ പരിമിതികൾ മറികടക്കുകയാണ‌് ലക്ഷ്യം.

ഇതിനായി വൈദ്യുതി ശൃംഖല ആധുനികവൽക്കരിക്കും. എല്ലാ നിയന്ത്രണവും ഒഴിവാക്കി, ഇടതടവില്ലാതെ സംസ്ഥാനത്തിന്റെ ആവശ്യം നിർവഹിക്കാനുള്ള പദ്ധതികളാകും ഏറ്റെടുക്കുക.

വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ നിലനിർത്തി 1998ൽ എൽഡിഎഫ‌് സർക്കാർ ബദൽ വൈദ്യുതോർജ നയം പ്രഖ്യാപിച്ചു.

ഈ നയത്തെ 2013ൽ വിജയകരമായ മാതൃകയായി ലോക ബാങ്ക‌് പഠനം വിലയിരുത്തി. ഭാവി കേരളത്തിന്റെ ആവശ്യകത കൂടി കണ്ടറിഞ്ഞുള്ള തുടർനയമാകും നടപ്പാക്കുകയെന്ന‌് സംസ്ഥാന വൈദ്യുതി വകുപ്പ‌ിന്റെ കരട‌്നയം വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലയുടെയും വികസനത്തിനാവശ്യമായ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്തും. സാമ്പത്തിക വളർച്ചയ‌്ക്കും ഉൽപ്പന്നങ്ങളും സേവനങ്ങളും വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനുമുള്ള നിർദേശങ്ങളാണ‌് നയത്തിലുള്ളത‌്.

സർവേ പ്രകാരം 2018–-19ൽ 27,184 ദശലക്ഷം യൂണിറ്റാണ‌് സംസ്ഥാനത്തിന‌് ആവശ്യം. 2021–-22ൽ ഇത‌് 31,371 ദശലക്ഷം യൂണിറ്റും 2026–-27ൽ 39,357 ദശലക്ഷം യൂണിറ്റുമായി ഉയരും.

വിവിധ സ‌്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ‌്ഠിത വിലയിൽ ലഭ്യമാക്കിയാകും നവ കേരളത്തിന്റെ ഊർജഭദ്രത ഉറപ്പാക്കുക.

പുനരുപയോഗ ഊർജമേഖല വികസിപ്പിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപ്പാദന അസ്ഥിരത പരിഹരിക്കാനും ചെലവ‌് വിഭജിക്കാനുമുള്ള ചട്ടക്കൂട‌് രൂപീകരിക്കും. ഖര മാലിന്യത്തിൽനിന്ന‌് വൈദ്യുതി ഉൽപ്പാദനത്തിനുള്ള സാധ്യതകളും തേടും.

വൈദ്യുതി വിതരണത്തിലെ ചെലവ‌് ചുരുക്കി വ്യവസായത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. വൈദ്യുതി ബോർഡിന്റെ ചെലവുകൾ യുക്തിസഹമാക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തും.

സംഭരണശേഷി കൂടിയ ജലനിലയങ്ങളാണ‌് ഭാവി പദ്ധതികളിൽ പ്രധാനം. നിർമാണത്തിലുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കും.

നിലവിലുള്ളവയുടെ സ്ഥാപിതശേഷിയും സംഭരണശേഷിയും വർധിപ്പിക്കും. നാഫ‌്ത, ഡീസൽ ഉപയോഗിച്ച‌് പ്രവർത്തിക്കുന്ന താപനിലയങ്ങളെ പ്രകൃതിവാതകാധിഷ‌്ഠിതമാക്കും. സംസ്ഥാനത്തെ ജലാശയങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കും.

മൂന്നുവർഷത്തിനകം പ്രസരണരംഗം ഉടച്ചുവാർക്കും. തിരുനെൽവേലി–കൊച്ചിക്കു പുറമെ, ഉടുപ്പി–ചീമേനി 400 കെവി ലൈനും പുനലൂർ–തൃശൂർ എച്ച‌്‌വിഡിസി ലൈനും മൂന്നു വർഷത്തിനകം പൂർത്തിയാക്കും. വിതരണശൃംഖല നവീകരണത്തിന‌് ‘ദ്യുതി 2021’ എന്ന ബൃഹദ‌് പദ്ധതി നടപ്പാക്കും.

കെട്ടിടനിർമാണത്തിൽ ഊർജസംരക്ഷണ ബിൽഡിങ‌് കോഡ‌് ഉറപ്പാക്കും. ഉപയോക്താക്കൾക്ക‌് 24 മണിക്കൂറും സേവനം ഉറപ്പാക്കുന്നതിനായി വിതരണമേഖലയിൽ പ്രവൃത്തി പുനഃസംഘടിപ്പിക്കും. വൈദ്യുതി സേവനകേന്ദ്രങ്ങൾ വ്യാപകമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News