ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയതില്‍ രാഹുല്‍ ഗാന്ധിയ്ക്ക് നിരാശ

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയതില്‍ രാഹുല്‍ഗാന്ധിയ്ക്ക് നിരാശ. ചെറുപാര്‍ട്ടികളെ ചേര്‍ത്ത് കോണ്ഗ്രസ് മതേതരസഖ്യത്തിന് യുപിയില്‍ നേതൃത്വം നല്‍കും. മായാവതി-അഖിലേഷ് സഖ്യം ചര്‍ച്ചകളില്‍ നിന്നും സമാജവാദി സ്ഥാപകന്‍ മുലായംസിങ്ങിനെ ഒഴിവാക്കിയെന്ന് വിമര്‍ശനവുമായി പാര്‍ട്ടി രാജ്യസഭ എം.പി അമര്‍സിങ്ങ് രംഗത്ത് എത്തി.

ഉത്തര്‍പ്രദേശില്‍ വലിയ പ്രചാരണ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിരുന്നത്. അടുത്ത മാസം പകുതിയോടെ പശ്ചിമ യുപിയിലെ കാര്‍ഷിക ഭൂമിയായ ഹാമപൂര്‍ ജില്ലയില്‍ നിന്നും രാഹുല്‍ഗാന്ധിയുടെ റാലിയോടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുക. പതിനൊന്ന് വന്‍ റാലികളെ യുപിയില്‍ രാഹുല്‍ അഭിസംബോധന ചെയ്യാനും തീരുമാനിട്ടുണ്ട്.

പക്ഷെ സഖ്യകക്ഷിയായ സമാജവാദി കോണ്‍ഗ്രസ് ബന്ധം വിട്ട് മായാവതിയുമായി സഖ്യം പ്രഖ്യാപിച്ചത് ഈ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുന്നു. ബിജെപിക്കെതിരെ പൊതുസഖ്യം എന്നതായിരുന്നു കോണ്‍ഗ്രസ് ആഗ്രഹം. ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്ഗ്രസിന്റെ സംഘനട സംവിധാനം ദുര്‍ബലമാണ്.

സഖ്യത്തിലൂടെ ഇത് മറികടക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. മായാവതിയുടേയും അഖിലേഷിന്റേയും നിലവിലെ നീക്കത്തില്‍ രാഹുല്‍ഗാന്ധി നിരാശ പ്രകടിപ്പിച്ചതായാണ് സൂചന. പക്ഷെ സഖ്യത്തിനെതിരെ പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനോട് പാര്‍ട്ടി പ്രചാരണങ്ങള്‍ ശക്തമാക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കി.

കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരിക്കും പൊതുതിരഞ്ഞെടുപ്പ് നേരിടുക. യുപിയിലെ ചെറുപാര്‍ടികളെ ചേര്‍ത്ത് മതേതര സഖ്യത്തിന് രൂപം നല്‍കി കോണ്‍ഗ്രസ് മത്സരിക്കണമെന്ന താല്‍പര്യവും ചില ഹൈക്കമാന്‍ഡ് നേതാക്കള്‍ പങ്ക് വയ്ക്കുന്നു. അതേ സമയം മായാവതിയുമായി അഖിലേഷ് നടത്തിയ സഖ്യത്തിനോട് സമാജവാദിയിലെ മുലായംസിങ്ങ് വിഭാഗം നേതാക്കള്‍ പൂര്‍ണ്ണ തൃപ്ത്തരല്ലെന്നാണ് സൂചന. പാര്‍ട്ടി സ്ഥാപകന്‍ മുലായംസിങ്ങിനെ ഒഴിവാക്കിയാണ് മകന്‍ അഖിലേഷ് യാദവ് സഖ്യം രൂപപ്പെടുത്തിയതെന്ന് പാര്‍ടി രാജ്യസഭ എംപി അമര്‍സിങ്ങ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here