‘തങ്ങള്‍ തെറ്റ് ചെയ്തവരല്ല, അതുകൊണ്ട് ആരെയും ഭയവുമില്ല’; ബിന്ദുവും കനക ദുര്‍ഗ്ഗയും ആര്‍പ്പോ ആര്‍ത്തവം വേദിയിൽ

കൊച്ചി: ശബരിമലയില്‍ യുവതികൾക്ക്‌ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്കുശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും കൊച്ചിയിലെ ‘ആര്‍പ്പോ ആര്‍ത്തവം’ വേദിയിൽ. തങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്നും അതിനാൽത്തന്നെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും വേദിയിൽ സംസാരിക്കവേ അവർ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ബിന്ദുവും കനകദുർഗയും പൊതുപരിപാടിയിലെത്തുന്നത്‌. ശബരിമലയിൽ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു. പൊലീസ് പിന്തുണ ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്കാണ്‌ പരിപാടിക്കെത്തിയതെന്നും ഇവർ പറഞ്ഞു. ‘ആര്‍ത്തവം അശുദ്ധമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ഡ്രൈവിൽ ‘ആര്‍പ്പോ ആര്‍ത്തവം’ കൂട്ടായ്മ ആരംഭിച്ചത്.

സാമൂഹ്യപ്രവർത്തകർ, കലാ‐സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയില്‍ ശബരിമല വിധി, നവോത്ഥാനം, സ്‌ത്രീസമത്വം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായി. തമിഴ്‌ സംവിധായകൻ പാ രഞ്ജിത്ത്‌, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ഗോത്ര മഹാസഭ നേതാവ‌് സി കെ ജാനു, കൊച്ചി മുസിരിസ‌് ബിനാലെ ക്യൂറേറ്റർ അനിതാ ദൂബെ, കെ അജിത, സാറാ ജോസഫ്, കെ ആർ മീര, ഡോ. സുനിൽ പി ഇളയിടം, സണ്ണി എം കപിക്കാട് തുടങ്ങിയവർ സംസാരിച്ചു. കോവൻസംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌കാരങ്ങളും അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News