മോദിയുടെ “പ്രത്യുപകാര നിയമനം” വിവാദമായി; കോമണ്‍വെല്‍ത്ത് ട്രിബ്യൂണല്‍ നിയമനത്തില്‍ നിന്നും ജസ്റ്റിസ് എകെ സിക്രി പിന്മാറി

കോമണ്‍വെല്‍ത്ത് ട്രിബ്യൂണല്‍ നിയമനത്തില്‍ നിന്നും ജസ്റ്റിസ് എകെ സിക്രി പിന്മാറി. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഒ‍ഴിവാക്കാനായി സെലക്ട് കമ്മിറ്റിയില്‍ മോദിയ്ക്കൊപ്പം വോട്ടു ചെയ്ത സിക്രിയുടെ പെട്ടന്നുള്ള നിയമനം ഏറെ വിവാദമായിരുന്നു.

സ്ഥാന ലബ്ദി വിവാദമായതോടെയാണ് പിന്മാറ്റം. തീരുമാനം കേന്ദ്രത്തെ അറിയിച്ചതായി സിക്രി വ്യക്തമാക്കി.വിരമിക്കലിന് ശേഷം താന്‍ പദവിയൊന്നും ഏറ്റെടുക്കില്ലെന്നും സിക്രി അറിയിച്ചു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വേദിയായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലില്‍ ഇന്ത്യന്‍ അംഗമായി സിക്രിയെ കേന്ദ്രം തിരഞ്ഞെടുത്തിരുന്നു.

അലോകിനെ പുറത്താക്കിയതിനുള്ള പ്രതിഫലമായാണ് സിക്രിയുടെ പുതിയ നിയമനമെന്ന് വ്യക്തമായിരുന്നു. പ്രത്യുപകാരം വിവാദമായതോടെയാണ്,സിക്രി നിയമനത്തില്‍ നിന്നും പിന്മാറിയത്. മാര്‍ച്ച് ആറിന് സുപ്രീം കോടതിയില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് എകെ സിക്രിയെ കഴിഞ്ഞ മാസമാണ് കേന്ദ്രം ശുപാര്‍ശ ചെയ്തത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വേദിയാണ് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍. ഒരു പ്രസിഡണ്ടും ആറ് അംഗങ്ങളുമുള്ള ട്രൈബ്യൂണലില്‍ കുറേ വര്‍ഷങ്ങളായി ഇന്ത്യക്ക് പ്രതിനിധിയില്ല. ഈ സാഹചര്യത്തിലാണ് ഒഴിവ് വന്ന ഒരു അംഗത്വം ഇന്ത്യക്ക് ലഭിച്ചത്.

ഈ സ്ഥാനത്തേക്കാണ് ജസ്റ്റിസ് എകെ സിക്രിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സിക്രിയുടെ പേര് ശുപാര്‍ശ ചെയ്യാനുള്ള താല്‍പര്യം ഡിസംബറില്‍ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ കത്തിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനുള്ള സിക്രിയുടെ സമ്മതം ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ സിക്രിയുടെ പേര് കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു. നാലുവര്‍ഷത്തേക്കായിരുന്നു നിയമനം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയ്‌ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള ഉന്നതതല സമിതി യോഗത്തില്‍ എകെ സിക്രി അംഗമായിരുന്നു.
വിധി പ്രസാതാവം നടത്തിയ ബെഞ്ചിലെ അംഗമായതിനാല്‍ ഉന്നതതല സമിതിയില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയാണ് പകരക്കാരനായി എകെ സിക്രിയെ നിയോഗിച്ചത്.

അലോക് വര്‍മയെ സിബിഐ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിച്ച് ഒപ്പം നിന്നത് ജസ്റ്റിസ് സിക്രിയായിരുന്നു. മറ്റൊരംഗമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും രണ്ട് പേരുടെ ഭൂരിപക്ഷ വിധിയിലൂടെ അലോക് വര്‍മ്മയെ മാറ്റുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വിരമിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ജസിറ്റിസ് സിക്രി ഏറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News