കോഴിക്കോട്: കക്കാടംപൊയിലില്‍ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ സ്വദേശി ഷരീഫിനെ തിരുവമ്പാടി പോലീസാണ് അറസ്റ്റ് ചെയ്തത്.

വായ്പയായി നൽകിയ പണം ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ മാസം എട്ടിന് കക്കാടംപൊയിലിലെ കൃഷിസ്ഥലത്ത്, ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ രാധികയുടെ മരണമാണ് പോലീസ് അന്വേഷണത്തിലൂടെ കൊലപാതകമെന്ന് വ്യക്തമായത്.

പോസ്റ്റ് മോര്‍ട്ടത്തില്‍ രാധികയുടെ കൈ വിരലില്‍ വയര്‍ ചുറ്റിയതിന്റെ പാടുകള്‍ കണ്ടെത്തിയത് സംശയമുണർത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് രാധികയ്ക്കൊപ്പം 8 വർഷമായി വാഴ കൃഷി നടത്തി വന്ന ഷരീഫിലേക്കെത്തിച്ചത്.

പലപ്പോഴായി രാധകയില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജ് പറഞ്ഞു.

വാഴകൃഷിക്കായി ഇവർ വൈദ്യുത മോഷണം നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍  ഹാജരാക്കിയ ഷരീഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.