മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ദുരൂഹതയേറുന്നു;മനുഷ്യക്കടത്താണോ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണോ എന്നും പരിശോധിക്കും

കൊച്ചി മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും യാത്രാരേഖകള്‍ അടക്കമുളളവ കണ്ടെടുത്തു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘം ചെറായിയിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.

ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്പായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി. മുനമ്പം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.

മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുടിവെളളം ശേഖരിക്കാന്‍ മുനമ്പത്ത് നിന്നും അഞ്ച് ടാങ്കുകള്‍ വാങ്ങി. ഒരു മാസത്തേക്കുളള മരുന്നുകളും ശേഖരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ ആകാം ലക്ഷ്യമെന്ന് കരുതുന്നു. മുനമ്പം തീരത്ത് നിന്നും പുറപ്പെട്ടാന്‍ ഓസീസ് തീരത്തെത്താന്‍ 27 ദിവസമെങ്കിലും വേണ്ടി വരും. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ സംഘത്തിലുണ്ടെന്നാണ് സൂചന. ശനിയാഴ്ച മുനമ്പം ഹാര്‍ബറിനോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ 19 ബാഗുകള്‍ കണ്ടെത്തിയതാണ് മനുഷ്യക്കടത്ത് കേസിന് ആധാരമായത്. ബാഗില്‍ വസ്ത്രങ്ങളും രേഖകളും വിമാന ടിക്കറ്റുകളും ഉണക്കിയ പഴങ്ങളും ഉള്‍പ്പെടെ കണ്ടെത്തിയതോടെ വടക്കേക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here