കാദര്‍ച്ചയുടെ പ്രണയവും വിപ്ലവവും; അധികമാരുമറിയാത്ത കരിവെള്ളൂരിന്റെ ചുവരെഴുത്ത്

ദേശീയ പാത വികസനത്തിന് മുമ്പ് കരിവെള്ളൂരിലൂടെ കടന്നു പോയവരുടെ മനസ്സില്‍ ഇപ്പോഴും ആ ചുവരെഴുത്തുണ്ടാകും – അടിയന്തരാവസ്ഥ അറബിക്കടലില്‍. കരിവെള്ളൂരിന്റെ ചുവന്ന ഹൃദയം കൊണ്ടെഴുതിയ ആ ചുവരെഴുത്തിന് പിന്നില്‍ ബീഡി തൊഴിലാളിയായ കാദര്‍ച്ചയുടെയും കൈകളുണ്ട്. വിപ്ലവകാരിയായ കാദര്‍ച്ചയുടെ പ്രണയവും ജീവിതവുമെല്ലാം വിപ്ലവമാണ്. എല്ലാ സാമുദായിക എതിര്‍പ്പുകളെയും തോല്‍പ്പിച്ചാണ് കാദര്‍ച്ച കല്ല്യാണി ചേച്ചിയെ ഒപ്പം കൂട്ടിയത്.

അധികമാരുമാറിയാത്ത ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതത്തെക്കുറിച്ച് സജിത്ത് കരിവെള്ളൂര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം

”വെള്ളച്ചാലിലെ സഖാവ്  Shahzad Shaz പറഞ്ഞിരുന്നു അവിടെ വരുന്നുണ്ടെങ്കില്‍ എന്തായാലും വിളിക്കണംന്ന്. വിളിച്ചപ്പോള്‍ ആളെ കിട്ടിയില്ല . ചെറിയ പള്ളിയുടെ അടുത്തെത്തിയിട്ടാണ് കാദര്‍ച്ചയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചത് … ഏത് കാദര്‍ച്ച എന്നായ് നാട്ടുകാരന്‍… കാര്യങ്ങള്‍ പറഞ്ഞപ്പോള്‍

‘ഓ നമ്മുടെ ബീഡിക്കാരന്‍ കാദര്‍ച്ച .. പാര്‍ട്ടിക്കാരന്‍ ‘ കൃത്യമായ് വഴി പറഞ്ഞു തന്നു വലിയ സ്‌നേഹത്തോടെ ..!

ചെറിയ ഒറ്റ നില വീട്ടിന് മുന്നില്‍ തന്നെയുണ്ട് സഖാവ് ..ചിരിച്ച് കൊണ്ട് ചേര്‍ത്ത് പിടിച്ച് ആദ്യം എന്റെ കുടുംബകാര്യങ്ങള്‍ അന്യേഷിച്ചു…. ( മിശ്രവിവാഹിതരുടെ കുടുംബ സംഗമത്തില്‍ കണ്ടിട്ടുണ്ട് മുമ്പ്)
അവരുടെ മക്കളുടെ കാര്യങ്ങള്‍ അദ്ധേഹവും കല്യാണിയേച്ചിയും പങ്കുവെച്ചു … രണ്ട് പെണ്‍കുട്ടികള്‍ ഷൈനിയും ,രേഷ്മയും ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് കഴിയുന്നത് .

‘ #അടിയന്തിരാവസ്ഥ #അറബിക്കടലില്‍ ‘
‘ #INDIA #IS #NOT #INDIRA ”

ഇന്ത്യാ മഹാരാജ്യത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിയോജിപ്പിക്കുന്ന എന്നു വിശ്വസിക്കുന്ന നാഷണല്‍ ഹൈവേക്ക് സമീപത്തെ ആ പഴയ കെട്ടിട ചുമരില്‍ ഇങ്ങനെ രണ്ടു വാചകങ്ങള്‍ എഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതുവരെ ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങി എന്ന് പറഞ്ഞ നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ എന്ന എഴുപത്തിയേഴുകാരന്‍ 25 വയസുള്ള ചോരത്തിളപ്പുള്ള കരിവെള്ളൂരിലെ യുവ കമ്യൂണിസ്റ്റായി …!

രാജ്യത്തെ പൗരാവകാശങ്ങളെയാകമാനം ചങ്ങലകൊണ്ട് വരിഞ്ഞ് കെട്ടി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കറുത്ത നാളുകള്‍ …!

‘നാട്ടില്‍ പരക്കെ ഭീകരതയാണ്….
ആര്‍ക്കും അഭിപ്രായ സ്വാതന്ത്രം ഇല്ല…

പാര്‍ട്ടി നേതാക്കള്‍ ഒക്കെ ഒളിവിലും ,അറസ്റ്റിലുമാണെന്നറിയാം …
മംഗലാപുരത്ത് നിന്നും തെക്കോട്ട് ഇന്ദിരാഗാന്ധി കാറില്‍ സഞ്ചരിക്കുന്നു .. .
ഈ നാട്ടിന്റെ പ്രതിഷേധം എന്ത് വില കൊടുത്തും അവരെ അറിയിക്കണം ..
അങ്ങനെയാണ് കരിവെള്ളൂരിലെ ചുണക്കുട്ടികളായ ബീഡിത്തൊഴിലാളി സഖാക്കള്‍ അങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത് .

ദേശീയ പാതയുടെ കിഴക്ക് ഭാഗത്ത് നീണ്ടു കിടന്ന ശിവറായപ്പയ്യുടെ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ചുമരില്‍ ‘നൂറ്റ നൂറ് ‘ ( ചുണ്ണാമ്പ്) കൊണ്ട് കുറിച്ചിട്ടു …. ഏറെ പഴകിയ കെട്ടിടത്തിന്റെ കഴുക്കോലില്‍ തൂങ്ങി അതിസാഹസികമായി അദ്ധേഹം എഴുതി … ഇ .എം.എസ് ഉയര്‍ത്തിയ ആ രാഷ്ടീയ മുദ്രാവാക്യം ഹൃദയത്തിലേറ്റിയ ധീരരായ ബീഡി തൊഴിലാളി സഖാക്കള്‍ താഴെ കാവല്‍ …!
ബക്കറ്റും ചുണ്ണാമ്പുമായി സഖാവ് തലയില്ലത്ത് അബ്ദുള്‍ ഖാദര്‍ ഒപ്പം (നമ്മള്‍ കരിവെള്ളൂര്‍ കാരുടെ മന്ത്രി ഹാജി) ….!

(കരിവെള്ളൂരിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ ബിന്ദു സ്റ്റുഡിയോ Bharathan Karivellur പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമാണ് പോയ കാലത്തെ ആ കെട്ടിടത്തെ പുതിയ കാലവുമായ് ബന്ധിപ്പിക്കുന്ന കാഴ്ച്ചയുടെ രേഖകള്‍ )

ഒരു പക്ഷേ ഇന്ദിരാഗാന്ധി ആ വഴി പോയിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു …! രഹസ്യാന്യേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയെ വിറപ്പിച്ച ഇന്ദിര പിറ്റേന്നത്തെ യാത്ര വ്യോമമാര്‍ഗ്ഗമായ് മാറ്റി പിന്നീട് …!

ഓര്‍മ്മകള്‍ വാക്കുകളുടെ ആവേശക്കടലായ് മാറിയപ്പോള്‍ 1973 ല്‍ എല്ലാ സങ്കുചിത സാമൂഹ്യ എതിര്‍പ്പുകളെയും തോല്‍പ്പിച്ച് കാദര്‍ച്ചക്കൊപ്പം ജീവിക്കുന്ന കല്ല്യാണി ഏച്ചിയും ഒപ്പം കൂടി പോയ കാലത്തെ ധീരസ്മരണകള്‍ക്കൊപ്പം ..! ഒരു മുസ്ലീം ചെറുപ്പക്കാരനെ കല്യാണം കഴിച്ചത് കൊണ്ട് അച്ഛന്റെയും അമ്മയുടെയും മരണസമയത്ത് പോലും സ്വന്തം വീട്ടില്‍ കാലു കുത്താന്‍ പറ്റിയില്ല സഖാവ് കല്യാണിക്ക് … പയ്യന്നൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടന്ന ആ മാതൃകാ വിവാഹത്തിന്റെ രേഖകള്‍ തിരയുന്ന കൂട്ടത്തില്‍ അവിചാരിതമായി ചില സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടു ..

മരണാനന്തരം സ്വന്തം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിക്കൊണ്ടുള്ള സമ്മതപത്രം …!

ഇങ്ങനെയൊക്കെ ചില മനുഷ്യര്‍ .. നമുക്കിടയില്‍ … ആരെയുമറിയിക്കാതെ ..!

ദേശീയ പാതയുടെ വികസനത്തിന് മുമ്പ് ആ പഴയ കെട്ടിടം ഞാന്‍ പലതവണ കണ്ടിട്ടുണ്ട് ബാല്യത്തില്‍ .. മലയാളത്തിലും, ഇംഗ്ലീഷിലും എഴുതിയ ആ മുദ്രാവാക്യം പലതവണ വായിച്ചിട്ടുമുണ്ട് .കുട്ടിയായിരുന്ന എന്നെക്കാള്‍ വലിയ ആ അരിവാള്‍ ചുറ്റിക മനസില്‍ പതിഞ്ഞിട്ടുമുണ്ട് …! എങ്കിലും ഇപ്പോള്‍ മനസ്സ് മുഴുവന്‍ പുതുതലമുറയിലെ അധികമാര്‍ക്കു മറിയാത്ത ആ ധീരനായ കമ്യൂണിസ്റ്റ് കാരന്റെ മുഖം മാത്രമാണ് ..

എഴുതിപ്പൂര്‍ത്തീകരിക്കാനാവാത്ത ഈ അക്ഷരങ്ങളെ തോല്‍പ്പിച്ച് കൊണ്ട് കാദര്‍ച്ചയും ,കല്യാണിയേച്ചിയും.. അവരുടെ പ്രണയവും .. വിപ്ലവവും ..!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here