കര്‍ണ്ണാടകയില്‍ എംഎല്‍എമാരെ പിടിക്കാനായി ബിജെപി; മൂന്ന് കോണ്‍ഗ്രസ്  എംഎല്‍എമാര്‍ ബിജെപി പാളയത്തിലെന്ന് സൂചന; അനുനയ ശ്രമവുമായി എഐസിസി

ബാംഗ്ലൂരു:  കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി രൂക്ഷമാകുന്നു. മുഴുവന്‍ ബിജെപി എം.എല്‍.എമാരും ദില്ലിയ്ക്ക് സമീപം ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ തുടരുന്നു. ബിജെപി പാളയത്തില്‍ ഉണ്ടെന്ന് സംശയിക്കുന്ന മൂന്ന് കോണ്‍ഗ്രസ് എം.എല്‍എമാരെയും അനുനയിപ്പിക്കാന്‍ എ.ഐ.സി.സി നേതൃത്വം മന്ത്രി ഡി.കെ.ശിവകുമാറിനെ നിയോഗിച്ചു.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അട്ടിമറി ആരോപണങ്ങള്‍ രൂക്ഷമാകുന്നതിനിടയില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കി ഇരുവിഭാഗങ്ങളും എം.എല്‍.എമാരെ ഒളിപ്പിക്കുന്നത് തുടരുന്നു.

ബി.എസ്.യെദൂരിയപ്പയുടെ നേതൃത്വത്തില്‍ ബിജെപി എം.എല്‍എമാരേയും എം.പിമാരേയും ദില്ലിയ്ക്ക് സമീപം ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വരെ മുബൈയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു ഇവര്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ദില്ലിയില്‍ വിളിപ്പിച്ചതെന്നാണ് ബിജെപി ഔദ്യോഗിക ഭാഷ്യമെങ്കിലും സര്‍ക്കാര്‍ അട്ടിമറി നീക്കങ്ങള്‍ രൂപം നല്‍കുകയാണ് ലക്ഷ്യം.

കര്‍ണ്ണാടക മന്ത്രിസഭ വികസനത്തില്‍ അവഗണിക്കപ്പെട്ട മൂന്ന് കോണ്‍ഗ്രസ് എം.എല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ആരോപണം.

ഇവരെ മടക്കിയെത്തിക്കാന്‍ ജലസേചന മന്ത്രി ഡി.കെ.ശിവകുമാറിനെ എ.ഐ.സി.സി നേതൃത്വം നിയോഗിച്ചു.നേരത്തെ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന ഒരു സ്വതന്ത്ര എം.എല്‍.എ എച്ച്.നാഗേഷ് ബിജെപി പക്ഷത്തേയ്ക്ക് മാറിയെന്നും സൂചനയുണ്ട്.

നിലവില്‍ നിയമസഭ അംഗബലം അനുസരിച്ച് 14 എം.എല്‍.എമാരെങ്കിലും ഭരണപക്ഷത്ത് നിന്ന് കൂറ് മാറുകയോ രാജി വയ്ക്കുകയോ ചെയ്താല്‍ മാത്രമേ മന്ത്രിസഭ മറിച്ചിടാന്‍ ബിജെപിയ്ക്ക് കഴിയു. അതത്ര എളുപ്പമല്ല. ബിജെപിയുടെ പ്രധാന ലക്ഷ്യം മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ്.

കോണ്‍ഗ്രസും-ജെഡിഎസും സഖ്യമായി മത്സരിച്ചാന്‍ ബിജെപിയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റ് വാങ്ങേണ്ടി വരും. ഇത് മറികടക്കാന്‍ സഖ്യം പൊളിച്ചെ മതിയാകു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News