രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പശു രാഷ്ട്രിയം. ബിജെപി പിന്തുടരുന്ന ഹിന്ദു വര്‍ഗിയ പ്രീണന നയങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരും.തെരുവില്‍ അലയുന്ന പശുക്കളെ ദത്തെടുക്കുന്നവരെ സ്വാതന്ത്രദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ആദരിക്കുമെന്ന് അശോക് ഗലോട്ട് സര്‍ക്കാരിന്റെ ഉത്തരവ്. ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതലകള്‍ കൈമാറി.

ബിജെപിയ്ക്ക് സമാനമായ ഹിന്ദുത്വ പ്രീണന നയങ്ങള്‍ നടപ്പിലാക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.വസുദ്ധര രാജ സിന്ധ്യ ആദ്യ പശുമന്ത്രിയെ നിയമിച്ചെങ്കില്‍ കോണ്ഗ്രസിന്റെ അശോക് ഗലോട്ട് സര്‍ക്കാര്‍ ഒരു പടി കൂടി കടന്ന് തെരുവ് പശുക്കളെ ദത്തെടുക്കുന്നവരെ ആദരിക്കാന്‍ തീരുമാനിച്ചു.

സ്വാതന്ത്ര ദിനമായ ആഗസത് 15നും,റിപ്പബ്ളിക് ദിനമായ ജനുവരി 26നും നടക്കുന്ന സര്‍ക്കാര്‍ ചടങ്ങുകളിലും പരേഡുകളിലും പശുക്കളെ ദത്തെടുക്കുന്നവര്‍ക്ക് പ്രത്യേക സ്വീകരണവും ആദരവും നല്‍കും.സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ തുടങ്ങി വ്യക്തികളേയും പശുക്കളെ ദത്തെടുക്കാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് കൈമാറി.

അധികാരത്തിലേറി ഡിസംബര്‍ 29നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 80 ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കവും. അതേ സമയം മതന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളൊന്നും അശോക് ഗലോട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ കേന്ദ്രങ്ങളിലെ ഗോ ശാലകളിലെത്തണം.

നിശ്ചിത തുക കെട്ടി വച്ച് പശുക്കളെ തിരഞ്ഞെടുക്കുകയും ചെയ്യാം.ബിജെപിയുടെ പശു രാഷ്ട്രിയ കോണ്‍ഗ്രസും പിന്തുടരുന്നതിനെതിരെ വിമര്‍ശനവും ശക്തമായിട്ടുണ്ട്. ബിജെപി നിയമിച്ചത് പോലെ കോണ്‍ഗ്രസും രാജസ്ഥാനില്‍ പശുവിന് മാത്രമായി മന്ത്രിയെ നിയമിച്ചിട്ടുണ്ട്.മുതിര്‍ന്ന നേതാവ് പ്രമോദ് ഭയ്യാണ് മന്ത്രി.