ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്‌‌‌ട്രീയപ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നീ എംഎല്‍എമാരാണ് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇരുവരും നിലപാട് ഗവര്‍ണറെ രേഖാമൂലം അറിയിക്കും.

224 അംഗ മന്ത്രിസഭയില്‍ നിലവില്‍ ഭരണമുന്നണിക്കൊപ്പം 118 അംഗങ്ങളുണ്ട്. ബിജെപിക്കൊപ്പം 104 എംഎല്‍എമാരാണുള്ളത്. 113 പേരുടെ പിന്തുണയുണ്ടെങ്കിലേ ഭൂരിപക്ഷം തെളിയിക്കാനാകൂ.

കൂടുതല്‍ എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച ചെയ്യുന്നുണ്ട്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലും കോണ്‍ഗ്രസിനുള്ളിലും രൂപപ്പെട്ട ഭിന്നതകള്‍ മുതലെടുത്ത് എംഎല്‍എമാരെ കോടികളൊഴുക്കി ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം.

ഭരണ അട്ടിമറിക്ക് ബിജെപി ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ കമല’ പദ്ധതിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന അധ്യക്ഷന്‍ വൈ എസ് യെദ്യൂരപ്പയുമാണ് ചുക്കാന്‍പിടിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയില്‍ കാലുമാറ്റത്തിലൂടെ അധികാരത്തിലെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. എംഎല്‍എമാര്‍ക്ക് കോടികളാണ് വില പറയുന്നത്.

ദിവസങ്ങള്‍ക്കകം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ചില ഉന്നത നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാരുടെ കൂറുമാറ്റം ഉറപ്പിച്ചശേഷം 19നകം ഡല്‍ഹിയില്‍ നാടകീയമായ പ്രഖ്യാപനം നടത്താന്‍ ബിജെപി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.