മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ദുരൂഹതയേറുന്നു;മനുഷ്യക്കടത്താണൊ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണോ എന്നും പരിശോധിക്കും

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ദുരൂഹതയേറുന്നു. മനുഷ്യക്കടത്താണൊ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണൊ നടന്നത് എന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്.ദുരൂഹ സാഹചര്യത്തില്‍ കേരളത്തിലെത്തിയ സംഘം താമസിച്ചിരുന്ന ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഡല്‍ഹിയില്‍ നിന്നെത്തിയതെന്നു കരുതുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

മുനമ്പത്തെയും ചോറ്റാനിക്കരയിലെയും ലോഡ്ജുകളിലാണ് പ്രധാനമായും പോലീസ് പരിശോധന നടത്തിയത്.മുനമ്പം തീരത്തു നിന്ന് യാത്ര തിരിച്ചവരെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വന്നവരെന്ന് കരുതുന്നവരുടെ സംഘത്തില്‍ സ്ത്രീകളും കുട്ടികളും യുവാക്കളുമുണ്ട്. ചോറ്റാനിക്കരയിലെ മൂന്ന് ലോഡ്ജുകളിലായി മാത്രം ഈ സംഘത്തില്‍പ്പെട്ട 80 ഓളം പേര്‍ താമസിച്ചിരുന്നതായി വ്യക്തമായി.

സംഘത്തില്‍പ്പെട്ട യുവതി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചതായും വിവരം ലഭിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനെന്നു പറഞ്ഞാണ് ലോഡ്ജില്‍ താമസിക്കാനെത്തിയതെന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ലോഡ്ജ് ജീവനക്കാരന്‍ പീപ്പിള്‍ ടി വിയോട് പറഞ്ഞു.
എന്നാല്‍ ഈ സംഘത്തിലെ ആരും ക്ഷേത്ര ദര്‍ശനം നടത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പിന്നെന്തിന് സംഘം ഇത്രയും ദിവസം ഇവിടെ താമസിച്ചു എന്ന ചോദ്യമാണ് മനുഷ്യക്കടത്തെന്ന സംശയം ബലപ്പെടുത്തുന്നത്.

ഡല്‍ഹി കേന്ദ്രമായ വന്‍ മനുഷ്യക്കടത്ത് റാക്കറ്റാണൊ സംഭവത്തിനു പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.ഇവര്‍ തീരം വിടാന്‍ ഉപയോഗിച്ച ബോട്ടിന്റെ ഉടമയെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും.അതേ സമയം ബോട്ട് കണ്ടെത്തുന്നതിനായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. വിദേശത്തു നിന്നും കടല്‍മാര്‍ഗ്ഗം കേരളതീരത്തേയ്ക്ക് നുഴഞ്ഞുകയറ്റം നടക്കാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളിലും ലോഡ്ജുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here