ടെക്ക്നോപാർക്കിലെയും പരിസരത്തെയും ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി

ടെക്ക്നോപാർക്കിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭയുടെ ആരോഗ്യവകുപ്പ് വിഭാഗം റെയ്ഡ് നടത്തി.

ക്രമക്കേട് കണ്ടെത്തിയ 2 ഹോട്ടലുകൾ പൂട്ടികുകയും 9 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസും നൽകി. കഴിഞ്ഞയാഴ്ച ടെക്നോപാർക്ക് ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്നായിരുന്നു പരിശോധന. നഗരസഭാ മേയർ വികെ പ്രശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

ടെക്നോപാർക്കിനുള്ളിലെ നിള, കാർണിവൽ, തേജസ്വിനി, ഭവാനി എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായി 17 ഹോട്ടലുകളിലും ബേക്കറികളിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡിൽ വൃത്തിഹീനമായ അടുക്കള, വൃത്തി ഹീനമായ പാത്രങ്ങൾ, പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ, ഭക്ഷണത്തിൽ ഉപയോഗിച്ച് വന്നിരുന്ന നിരോധിത ഉൽപന്നങ്ങൾ, ഭക്ഷണം പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവർ എന്നിവ കണ്ടെത്തി.

ക്രമക്കേട് കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ടെക്ക്നോപാർക്കിന്‍റെ പരിസര പ്രദേശമായ ആറ്റിൻകുഴിയിൽ രണ്ട് സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ജ്യൂസ് പാലസ്, ടേസ്റ്റിലാന്‍റ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്.

വരും ദിവസങ്ങളിലും കഴക്കൂട്ടത്തും ടെക്ക്നോപാർക്കിന്‍റെ പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യവിഷബാധ ആഹാരത്തിലൂടെയാണോ വെള്ളത്തിലൂടെയാണോ എന്നത് വ്യക്തമല്ല. അത് കൊണ്ട് ടെക്ക്നോപാർക്കിനുള്ളിലെ വെളളവും വിതരണം ചെയ്യുന്ന കുപ്പിവെള്ളവും ഉടൻ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതിനായി ടെക്നോപാർക്കിനുള്ളിൽ വിതരണം ചെയ്യുന്ന വെള്ള കമ്പനികളുടെ ലിസ്റ്റ് എടുത്ത് പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here