ജീവിതം പോലെ മരണവും ദുരൂഹമാക്കിയ ചമ്പല്‍റാണി; ഫൂലെന്‍ ദേവിയെ വെടിച്ച തോക്ക് എവിടെ?

ചമ്പല്‍ക്കാടിനെ വിറപ്പിച്ച കൊള്ളക്കാരി, കുപ്രസിദ്ധിയില്‍ നിന്ന് ഇന്ത്യരാഷ്ട്രീയത്തിലേക്ക് നടന്നുകയറിയ വനിത. അവസാനം മരണത്തിലും ദുരൂഹത അവശേഷിപ്പിച്ച സ്ത്രീ, ഇതൊക്കെയാണ് ഫൂലന്‍ ദേവിയുടെ വിശേഷണം.ചമ്പല്‍ റാണിയുടെ മരണത്തെ ചൂഴ്ന്ന് ഇപ്പോഴും ദുരൂഹതയുണ്ടെന്ന് പലരും വിശ്വസിക്കുന്നു.

തന്റെ വംശത്തില്‍പ്പെട്ടവരെ വെടിവെച്ച് വീഴ്ത്തിയ കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ഷേര്‍ സിംഗ് റാണ എന്ന രജപുത്രന്‍ നല്‍കിയ വധശിക്ഷയായിരുന്നുവോ ആ മരണം? അതോ മറ്റുവല്ല രാഷ്ട്രീയക്കളികളും സ്വത്തിനും പദവിക്കും വേണ്ടിയുള്ള ചരടുവലികളും ആ മരണത്തിനു പിന്നിലുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

1981ല്‍ ഫൂലന്‍ ബെഹ്മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണ് താന്‍ ഫൂലന്റെ ജീവനെടുത്തതെന്ന് ഷേര്‍സിംഗ് റാണ പറഞ്ഞതായി ഉത്തരാഞ്ചല്‍ പൊലീസിന്റെ രേഖയില്‍ പറയുന്നു. കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു.

അതില്‍ ഒരാള്‍ മീററ്റുകാരനായ ബന്ധു രവീന്ദര്‍ സിംഗ് ആണെന്നും അയാള്‍ പറയുന്നു. എന്നാല്‍ ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍സിംഗ് റാണ തന്റെ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞു.

ബെഹ്മായികളെ ഫൂലന്‍ വധിച്ചതിനുള്ള പ്രതികാരമായല്ല താന്‍ കൊല ചെയ്തതെന്നും തന്നെ വഴിവിട്ട് സഹായിക്കാന്‍ തയ്യാറാവാഞ്ഞത് കാരണമാണെന്നുമാണ് റാണ പിന്നീട് നല്‍കിയ മൊഴി.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി താന്‍ ഫൂലന് വന്‍തുക നല്‍കിയെങ്കിലും അവരതിന് തയ്യാറാവാഞ്ഞത് മൂലമാണ് ഫൂലനെ കൊല്ലാന്‍ താന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു. 22 ബെഹ്മായികളെ ഫൂലന്‍ദേവിയും സംഘവും കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു.

തനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു – ഒന്ന് ഫൂലന്‍ ദേവിയെ വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുക. ഇതാണ് റാണയുടെ മൊഴി.

പക്ഷെ ഷേര്‍സിംഗ് റാണ പിന്നീട് തീഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സിനിമാ സ്റ്റൈലിലാണ് റാണ ജയിലില്‍ നിന്ന് പുറത്തുചാടിയത്. ഉത്തരാഞ്ചല്‍ പൊലീസാണെന്ന് പറഞ്ഞെത്തിയ ഷേര്‍സിംഗ് റാണയുടെ കൂട്ടാളികള്‍ റാണയെ ജയിലിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ഉത്തരാഞ്ചല്‍ കോടതിയിലേക്ക് കൊണ്ടുപോവുന്നതിനായി ഉത്തരാഞ്ചലില്‍ നിന്നും പൊലീസുകാരെത്തിയപ്പോഴാണ് റാണ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. വീണ്ടും റാണ പിടിയിലായി, കോടതി ജീവപര്യന്തം ശിക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നും ഫൂലെന്‍ ദേവിയുടെ മരണത്തില്‍ ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ തുടരുന്നു.

ഫൂലനെ വെടിവച്ച തോക്ക് ഫോറന്‍സിക് പരിശോധനയ്ക്കു മുന്‍പ് എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി എന്നതാണ് അതില്‍ പ്രധാനപ്പെട്ട ചോദ്യം. ഇതിനിടയില്‍ നവാസുദ്ദീന്‍ സിദ്ദിഖി റാണയുടെ ആത്മകഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യാനും ശ്രമം നടത്തി. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ അതും പാതി വഴി ഉപേക്ഷിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News