ഒരു ആഫ്രിക്കന്‍ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകള്‍ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടില്‍ ചേലുള്ള ചുവടുകളുമായി ജോജു ജോര്‍ജ് പാടിയ പാട്ടിനെ ഇവരെല്ലാം ആഘോഷമാക്കുകയായിരുന്നു.

താളത്തിനൊത്ത ചുവടുകള്‍ വയ്ക്കുമ്പോഴും വരികളുടെ അര്‍ത്ഥമറിയാതെയുള്ള ആഫ്രിക്കന്‍ ആട്ടത്തിന് സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രചാരമുണ്ട്. പാടവരമ്പത്തിലൂടെ ഓലക്കുടയുമെടുത്ത് ഞാറു നടുന്നൊരു കാലത്തെ കാര്യങ്ങള്‍ പറയുന്ന പാട്ടിനാണ് കയ്യില്‍ കരിവളയോ കണ്ണില്‍ കണ്മഷിയോയില്ലാത്ത പെണ്ണ് താളത്തിനൊത്ത ചേലുള്ള ചോടുകള്‍ വെച്ച് ചെറുക്കന്മാരുമൊത്ത് ആടി തിമിര്‍ക്കുന്നത്.

പാടവരമ്പത്തിലൂടെ എന്ന ഈ നാടന്‍ പാട്ടിനായി അടുക്കളപ്പാത്രങ്ങളിലും മനുഷ്യശരീരത്തിലും ജീപ്പിന്റെ ബോണറ്റിലുമൊക്കെ തട്ടിയും വെറും വായ കൊണ്ടുമൊക്കെയുണ്ടാക്കുന്ന ലൈവ് ശബ്ദങ്ങള്‍ തന്നെയായിരുന്നു പ്രയോജനപ്പെടുത്തിയത്. കേള്‍ക്കുവാന്‍ ഏറെ ഇമ്പമുള്ള പാട്ട് ആടുവാനും നല്ലതാണെന്ന് തെളിയിക്കുകയായിരുന്നു ഈ ആഫ്രിക്കന്‍ കുടുംബം.