കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കേരള സര്‍ക്കാര്‍ തെളിയിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും ശരിയായി നടക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമര്‍ശനം തെറ്റാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ബൈപ്പാസ് ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ ചെന്നിരുന്നു. അന്ന് പ്രധാനമന്ത്രി കേരളത്തില്‍ ഒന്നും ശരിയായി നടക്കുന്നില്ല എന്ന വിമര്‍ശനമുന്നയിച്ചു. ഗെയില്‍ പൈപ്പ് ലൈനിനെ ഉദാഹരണമായാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. എന്നാല്‍ അടുത്ത തവണ തമ്മില്‍കാണുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. കേരളം അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ നല്ല ആത്മവിശ്വാസത്തോടെ പറയാനാകും. പ്രളയം വന്നിരുന്നില്ലെങ്കില്‍ ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ടാകും’ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ കാര്യം തീര്‍ത്തും മാറ്റിമറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അഭിമാനപൂര്‍വം പറയാനാകും. ഇതിനെല്ലാം ഒറ്റക്കെട്ടായാണ് കേരളം നീങ്ങിയത്.

ഗെയില്‍ പോലെ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ദേശീയപാതവികസന പ്രവര്‍ത്തനങ്ങളും നടക്കുന്നു. സംസ്ഥാനത്തിന്റെ വികസനം ഒഴിച്ചുകൂടാനാവാത്തതാണ്. യാത്രാക്കുരുക്കില്‍ നിന്നും മോചനം വേണമെങ്കില്‍ റോഡിന്റെ സൗകര്യം വര്‍ധിക്കണം. ഇക്കാര്യത്തില്‍ അങ്ങേയറ്റം മുന്‍ഗണന നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മലയോര ഹൈവേക്കും തീരദേശ ഹൈവേക്കും കിഫ്ബിയിലൂടെ പണം വകയിരുത്തിക്കഴിഞ്ഞു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 2020 ആകുമ്പോഴേക്കും പൂര്‍ണതയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News