പ്രസവകാല വിഷാദരോഗം കേരളത്തില്‍ ഉയരുന്നു

കെ രാജേന്ദ്രന്‍

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 2017ല്‍ കേരളത്തില്‍ 187 സ്ത്രീകളാണ് ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ മരിച്ചത്. രാജ്യാന്തരതലത്തിലേയും ദേശീയതലത്തിലേയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറഞ്ഞ മരണനിരക്കാണ്.

എന്നാല്‍ മരണപ്പെട്ട സ്തീകളിലെ 7% ആത്മഹത്യചെയ്യുകയായിരുന്നുവെന്നത് ഞെട്ടിക്കുന്നു. മിക്കവരേയും ആത്മഹത്യയിലേയ്ക്ക് തളളിവിട്ടത് വിഷാദരോഗമാണ്. ഗര്‍ഭാവസ്ഥയിലെ വിഷാദരോഗം പലപ്പോഴും പുറത്തേക്ക് പ്രകടമാവണമെന്നില്ല.

അതുകൊണ്ടുതന്നെ മിക്കവര്‍ക്കും കൗണ്‍സിലിംഗ് ലഭിക്കുന്നില്ല. ആത്മഹത്യചെയ്തശേഷമായിരിക്കും രോഗി പ്രസവകാല വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് ഭര്‍ത്താവ് പോലും അറിയുന്നത്.

പ്രസവത്തിന് ശേഷവും മുന്‍ കരുതല്‍ വേണം


ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കരുതെന്ന അവബോധം കേരളീയര്‍ക്കിടയില്‍ ഉണ്ട്.

എന്നാല്‍ പ്രസവാകാല വിഷാദരോഗം പിടിപെടാനുളള കാലപരിധി പ്രസവത്തോടെ അവസാനിക്കുന്നില്ല. പ്രസവത്തിന് ശേഷം ഒരു വര്‍ഷക്കാലം സ്ത്രീക്ക് പ്രസവകാല വിഷാദരോഗം പിടിപെടാനുളള സാധ്യതയുണ്ടെന്ന് മനോരോഗ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

പ്രസവത്തിന് ശേഷം ഉണ്ടാകുന്ന വിഷാദ അവസ്ഥയ്ക്ക് ‘ബേബി ബ്‌ളു’ എന്നാണ് വിശേഷിപ്പിക്കുന്നത്. 80% സ്തീകള്‍ക്കും ഈ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. ദു;ഖം, വിഷാദം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

മിക്കവാറും സ്തീകള്‍ പ്രസവത്തിന് രണ്ട് ആഴ്ച്ചക്കുളളില്‍ ‘ബേബി ബ്‌ളു’ മാനസികാവസ്ഥയില്‍ നിന്ന് മുക്തരാവാറുണ്ട്. പ്രസവത്തിന് രണ്ടായ്‌ഴ്ച്ചക്ക് ശേഷവും ‘ബേബി ബ്‌ളൂ’ തുടരുന്ന സ്ത്രീകള്‍ക്ക് മാനസിക ആരോഗ്യ ചികിത്സ അത്യാവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഇത് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ബേബി ബ്‌ളൂവിന് പുറമെ മറ്റ് സ്വാഭാവിക മാനസിക പ്രശ്‌നങ്ങള്‍ കൂടി സ്തീകളെ അലട്ടുമ്പോള്‍ അവരില്‍ പലരും വിഷാദ രോഗത്തിലേയ്ക്ക് വഴുതിവീഴും.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണയും സാന്ത്വനവും ഇല്ലെങ്കില്‍ ആത്മഹ്യത്യയിലേയ്ക്ക് വരെ കാര്യങ്ങള്‍ നീങ്ങും. 2017ല്‍ കേരളത്തില്‍ പ്രസവകാല വിഷാദരോഗത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത 13 പേര്‍ക്കും മാനസികാരോഗ്യ ചികിത്സയോ പരിചരണമോ ലഭിച്ചിരുന്നില്ല.

മാനസിക വൈകല്ല്യം കുട്ടികളിലേയ്ക്ക്

പ്രസവകാല വിഷാദരോഗം അമ്മമാരില്‍ മാത്രമല്ല, നവജാത ശിശുക്കളിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു ഉത്കണ്ഠ, സ്വഭാവവൈകല്ല്യം, ശ്രദ്ധക്കുറവ്, അക്രമണോത്സുകത എന്നുതുടങ്ങി കാലക്രമത്തില്‍ വിഷാദരോഗം വരെ കുട്ടികള്‍ക്ക് ഉണ്ടായേക്കാം.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ,കുടുംബപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്ക് വീട്ടില്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം പ്രസവകാല വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്.

സാമ്പത്തികമായി മേല്‍തട്ടിലും കീഴ്തട്ടിലുമുളള സ്തീകളില്‍ ഒരുപോലെ രോഗം കണ്ടെത്തിയതായി
ആരോഗ്യവകുപ്പ് നടത്തിയ പഠനം ചൂണ്ടികാട്ടുന്നു. തിരുവനന്തപുരം എസ് എ ടിയിലെ പ്രസവകാല വിഷാദരോഗ ക്ലിനിക്കില്‍ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളിലെ 33% പേരില്‍ ഉത്കണ്ഠാ രോഗം കണ്ടെത്തിയിരുന്നു.

ഇവരിലെ 10 മുതല്‍ 15 ശതമാനം വരെയുളളവര്‍  വിഷാദരോഗത്തിന്റെ പിടിയിയിലായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പൊതുവെ കേരള സമൂഹത്തില്‍ കൂടുതലാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രസവകാല വിഷാദരോഗവും. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുളളവരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here