കൊളീജിയത്തിന്റെ തീരുമാനത്തില്‍ വ്യാപകമായ അതൃപ്തി; സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിക്ക് കത്തയച്ചു

രാജസ്ഥാന്‍, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം കൊളീജിയം മാറ്റിയതിനെതിരെ സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയ്ക്ക് കത്തയച്ചു.

ജസ്റ്റിസ് സജ്ഞയ് ഖന്നയെ സീനിയോരിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തതെന്നും വിമര്‍ശനം.

കൊളീജിയം തീരുമാനത്തിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വറും രംഗത്തുവന്നു

ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീം കോടതി ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ജനുവരി 5, 6 തീയതികളില്‍ ചേര്‍ന്ന കൊളീജിയം ഈ തീരുമാനം മാറ്റി. പകരം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ദില്ലി ഹൈക്കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജസ്റ്റിസുമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തു.

ഈ തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ രംഗത്തു വന്നിരിക്കുന്നത്.

കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു.

2013 ല്‍ പുറപ്പടിവിച്ച ഒരു വിധിയില്‍ വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്റെ സ്ഥാനക്കയറ്റം കൊളീജിയം പുനഃപരിശോധിച്ചത് എന്നാണ് സൂചന.

ഡിസംബര്‍ അവസാനം ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കൊളീജിയത്തില്‍ പുതുതായി എത്തിയിരുന്നു.

അതേസമയം കൊളീജിയം തീരുമാനത്തിന് എതിരെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജഡ്ജി ജെ ചെലമേശ്വറും രംഗത്തുവന്നു.

രാജസ്ഥാന്‍, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം കൊളീജിയം മാറ്റിയത് ഞെട്ടിച്ചുവെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞു.

കൊളീജിയം വ്യവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വറും വ്യക്തമാക്കി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്തുണ്ടായിരുന്ന വിവാദങ്ങള്‍ രജ്ഞന്‍ ഗൊഗോയിയുടെ കാലത്തും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News