മലയാളം കണ്ട എക്കാലത്തെയും മികച്ച നായകന്‍ പ്രേംനസീന്റെ രാഷ്ട്രീയ പ്രവേശനം നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് വെളിപ്പെടുത്തലുമായി നസീറിന്റെ മകന്‍ ഷാനവാസ് രംഗത്ത്.

ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കമുള്ള ഭീഷണികള്‍ മൂലമാണ് നസീര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍.

നസീര്‍ രാഷ്ട്രീയ തല്‍പ്പരനായിരുന്നില്ലെന്നാണ് മകനും നടനുമായ ഷാനവാസ് പറയുന്നത്. ചില നേതാക്കള്‍ നിര്‍ബന്ധിച്ചാണ് പ്രചരണ രംഗത്തിറക്കിയതെന്നും ഷാനവാസ് പറഞ്ഞു.

ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രി കരുണാകരനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും നസീറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് ഷാനവാസിന്റെ ആരോപണം.

ഇവരുടെ ഭീഷണിക്ക് വഴങ്ങേണ്ടിവന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാനും മത്സരിക്കാനും തയ്യാറായിരുന്നില്ലെന്നും ഷാനവാസ് പറഞ്ഞു.

നസീറിനുണ്ടായ സമ്മര്‍ദ്ദത്തെക്കുറിച്ച് മകന്‍ ഷാനവാസ് പറയുന്നതിങ്ങനെ

‘അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയേ പറ്റുമായിരുന്നുള്ളൂ. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നാണ്. മസ്റ്റാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അതേ സമയത്തു തന്നെ വേറൊരു ഗ്യാങ്ങും പുള്ളിയെ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ തന്നെ ഫിനാന്‍സ് ചെയ്തോളാം. ഒന്നു വന്ന് നിന്ന് തന്നാല്‍ മതി. എന്നൊക്കെ പറഞ്ഞ്. അതിനും പുള്ളി ഡിപ്ലോമാറ്റിക് ആന്‍സേഴ്സ് ആണ് നല്‍കിയത്.’

കരുണാകരന്‍ പറഞ്ഞിട്ട് ഇന്ദിരാഗാന്ധിയും വീട്ടില്‍ വിളിച്ചിരുന്നുവെന്നും. റെയ്ഡ് നടത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഷാനവാസ് വെളിപ്പെടുത്തി.

താന്‍ പ്രവര്‍ത്തിക്കാം, പ്രസംഗിക്കാം. എന്നാലും മത്സരിക്കാനില്ല എന്ന് നസീര്‍ തീര്‍ത്തു പറഞ്ഞുവെന്നും ഷാനവാസ് ഓര്‍ക്കുന്നു.

ഇതിന് മുന്‍പ് മറ്റൊരു സംഘം ഇത്തരത്തില്‍ നസീറിനെ സമീപിച്ചിരുന്നുവെന്നും സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കാനുള്ള പണം നല്‍കാമെന്നും വാഗ്ദാനം ചെയ്‌തെങ്കിലും നസീര്‍ ഒഴിഞ്ഞ് മാറുകയായിരുന്നും ഇതിന് ശേഷമാണ് കരുണാകരന്‍ സമീപിച്ചതെന്നും ഷാനവാസ് പറഞ്ഞു.