കര്‍ണാടക സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും കുതിരക്കച്ചവട നീക്കങ്ങളുമായി ബിജെപി. സര്‍ക്കാരിനെ വീഴ്ത്താന്‍ കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പിസി ശര്‍മ്മ പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിയും മഹാസഖ്യത്തിന്റെ ഭാഗമായേക്കും. സമാജ്‌വാദിപാര്‍ട്ടിയുമായി ആര്‍എല്‍ഡി ചര്‍ച്ച നടത്തി.

കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ ഇത് സംബന്ധിച്ച സൂചന നല്‍കി. കുതിരക്കച്ചവടനീക്കങ്ങളില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണെന്നായിരുന്നു പിസി ശര്‍മ്മയുടെ ആരോപണം.

മൃഗീയ ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് ഭരണം നടത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്.എങ്കിലും സ്വതന്ത്രര്‍, ബിഎസ്പി, എസ്പി എന്നിവരുള്‍പ്പെടെ 121 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. 109 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്.

കര്‍ണാടകയില്‍ 13 ഭരണപക്ഷ അംഗങ്ങളെ രാജിവയ്പ്പിച്ചാലെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കൂ.എന്നാല്‍ മധ്യപ്രദേശിലാകട്ടെ 4 സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കുകയും കോണ്‍ഗ്രസ് അംഗങ്ങള്‍ 5 പേര്‍ രാജിവയ്ക്കുകയും ചെയ്താല്‍ മതി. ഇത്തരം സാധ്യതകള്‍ നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് മന്ത്രി തന്നെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മാധ്യമങ്ങളോട് സമ്മതിച്ചത്.

എന്നാല്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. അതേസമയം ഉത്തര്‍പ്രദേശില്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കപ്പെട്ട മഹാസഖ്യത്തില്‍ ആര്‍എല്‍ഡിയും ചേര്‍ന്നേക്കും. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. ആര്‍ എല്‍ ഡിക്ക് 2 സീറ്റ് വിട്ടുനല്‍കിയേക്കും. എന്നാല്‍ 4 സീറ്റ് വേണമെന്നാണ് ആര്‍എല്‍ഡി ആവശ്യം. ചര്‍ച്ച വരുംദിവസങ്ങളിലും തുടര്‍ന്നേക്കും.