ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് സ്ഥലംമാറ്റം. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാല് പേരെയാണ് വിവിധയിടങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.

സ്വഭാവിക നടപടി മാത്രമാണെന്നാണ് സഭയുടെ വിശദീകരണം. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്നും കുറവിലങ്ങാട് മഠം വിട്ടു പോകില്ലെന്നും കന്യാസ്ത്രിമാര്‍ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രികളായ അനുപമ, ജോസഫിന്‍, ആല്‍ഫി, അന്‍സിറ്റ എന്നിവരെയാണ് വിവിധിയിടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ ഉത്തരവിറക്കിയത്.
സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലെ അമൃത്സറിലേക്കും സി. ജോസഫിന്നെ ജാര്‍ഖണ്ഡിലെ ലാല്‍ മട്ടിയയിലേക്കും സി. ആല്‍ഫിയെ ബീഹാറിലെ പകര്‍ത്തലയിലേക്കും സി.അന്‍സിറ്റയെ കണ്ണൂര്‍ പരിയാരത്തിലേക്കുമാണ് മാറ്റിയത്.

ജനുവരി മൂന്നാം തിയതിയാണ് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സുപ്പീരിയര്‍ റജീന കടംതോട്ട് ഉത്തരവ് അയച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ സഭാ വിരുദ്ധമായി അച്ചടക്ക ലംഘനം നടത്തിയതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്ക് സ്ഥലം മാറ്റമില്ല. ഇവര്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. സ്ഥലം മാറ്റം ലഭിച്ച കന്യാസ്ത്രീകളോട് 2018 മാര്‍ച്ചില്‍ ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നതാണെന്നും അതിനാല്‍ ഇപ്പോഴത്തെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും വിശദീകരിക്കുന്നുണ്ട്.

സ്ഥലംമാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്നാണ് കന്യാസ്ത്രീകള്‍ തുറന്നടിച്ചു. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണ്. കുറുവിലങ്ങാട് മഠത്തില്‍ നിന്ന് പോകില്ലെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് പൂര്‍ണപിന്തുണ നല്‍കി കൂടെയുണ്ടാകുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.