ഇനി ഇംഗ്ലീഷ് ഭയരഹിത ഭാഷ; പഠനനിലവാരമുയര്‍ത്താന്‍ സമഗ്ര ശിക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇനി ഇംഗ്ലീഷ് ഭയരഹിത ഭാഷയാകും.

സമഗ്ര ശിക്ഷ, കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.

പദ്ധതിയുടെ സംസ്ഥാനതല പരിശീലനത്തിന്റെ ഉദ്ഘാടനം സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു.

വി.എച്ച്.എസ്.ഇ ഡയറക്ടര്‍ ഡോ.ഫറൂഖ് അധ്യക്ഷനായി. സമഗ്ര ശിക്ഷ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ.പി.കെ.ജയരാജ് പരിശീലന പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ കെ.ജെ.ഹരികുമാര്‍, എ.കെ.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ദ്വിദിന പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. 14 ജില്ലകളില്‍ നിന്നുള്ള 40 ഓളം വി.എച്ച്.എസ്.ഇ ഇംഗ്ലീഷ് ഭാഷാ അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനനിലവാരത്തില്‍ കാലിടറുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് പുതിപദ്ധതിക്ക് സമഗ്ര ശിക്ഷ രൂപം നല്‍കിയിരിക്കുന്നത്.

ഹയര്‍ സെക്കന്ററി മേഖലയില്‍ ഇതിനോടകം സമഗ്ര ശിക്ഷ നടപ്പിലാക്കി വിജയിപ്പിച്ച ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) പദ്ധതി വിദ്യാര്‍ത്ഥികളില്‍ ഫലപ്രദമായി പരിശീലിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ വിജയ പശ്ചാത്തലമാണ് വി.എച്ച്.എസ്.സി മേഖലയിലും ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം സംസ്ഥാനതലത്തില്‍ നടപ്പിലാക്കാന്‍ സമഗ്ര ശിക്ഷ പദ്ധതി തയാറാക്കിയിരിക്കുന്നത്.

എസ്.എസ്.എല്‍.സി തലം വരെ മലയാളം മാധ്യമത്തില്‍ പഠിച്ച കുട്ടികള്‍ക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ പെട്ടെന്നുള്ള ഇംഗ്ലീഷ് മാധ്യമത്തിലെ ചുവടുമാറ്റം പ്രയാസമുളവാക്കുന്നു എന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം കൂടിയാണ് സമഗ്ര ശിക്ഷയുടെ ഈ പരിശീലനത്തിനു പിന്നില്‍.

സ്വാഭാവിക ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷില്‍ ആശയ വിനിമയത്തിന് പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here