കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

പേസ് ബൗളര്‍മാരുടെ പറുദീസയായി മാറിയ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളം ചരിത്രമെഴുതുമൊയെന്ന് നാളെ അറിയാം.

സെമിഫൈനല്‍ ബര്‍ത്ത് എന്ന ചിരകാല സ്വപ്നസാഫല്യത്തിനായി പരുക്കേറ്റ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ബാറ്റ് ചെയ്തിട്ടും ഗുജറാത്തിന് മുന്നില്‍ കേരളത്തിനുയര്‍ത്താനായത് 195 റണ്‍സിന്റെ വജയലക്ഷ്യം മാത്രം.

രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ കേരളത്തിന്റെ സ്‌കോര്‍ 171ല്‍ ഒതുങ്ങി. ആദ്യ ഇന്നിങ്ങ്‌സിലെ പോലെ ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും എം ഡി നിഥീഷിന്റെയും പേസ് ആക്രമണത്തിന് മുന്നില്‍ ഗുജറാത്ത് തകര്‍ന്നാല്‍ കേരളം രഞ്ജി സെമിഫൈനലിലേക്ക് കുതിക്കും.

നേരത്തെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഗുജറാത്തിനെ 162 റണ്‍സിന് പുറത്താക്കി കേരളം വിലപ്പെട്ട 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

വണ്‍ഡൗണായെത്തി അര്‍ധസെഞ്ചുറി തികച്ച സിജോമോന്‍ ജോസഫ് (56), അഞ്ചാം വിക്കറ്റിലെത്തിയ ജലജ് സക്‌സേന പുറത്താകാതെ നേടിയ 44 റണ്‍സുമാണ് കേരളത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ആദ്യ ഇന്നിങ്‌സിലേതിനു സമാനമായിരുന്നു രണ്ടാം ഇന്നിങ്‌സിലും കേരളത്തിന്റെ പ്രകടനം. അക്കൗണ്ട് തുറക്കും മുന്‍പേ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്തായി. അധികം വൈകാതെ രാഹുലും (10) മടങ്ങി.

വിനൂപ് മനോഹരന്‍ (27), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (23), വിഷ്ണു വിനോദ് (9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. പരുക്കറ്റിട്ടും പത്താമനായി ബാറ്റുചെയ്യാനെത്തിയ സഞ്ജുവടക്കം അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പേസ് ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തിന്റെ രണ്ടാം ദിവസം 16 വിക്കറ്റുകളാണ് വീണത്.

ഗുജറാത്തിനായി ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലും കലാരിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്വല്ല എന്നിവര്‍ രണ്ടും ചിന്തന്‍ ഗജ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഗുജറാത്തിന്, കേരള പേസ് ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയര്‍, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പി, എം.ഡി. നിധീഷ് എന്നിവര്‍ ചേര്‍ന്നാണ് ഗുജറാത്തിനെ 162 റണ്‍സില്‍ ഒതുക്കിയത്.

143 റണ്‍സിനിടെ ഒന്‍പതു വിക്കറ്റ് നഷ്ടമായ ഗുജറാത്തിനെ, അവസാന വിക്കറ്റില്‍ തകര്‍ത്തടിച്ച കലാരിയയാണ് 160 കടത്തിയത്. കലാരിയ 56 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്ത് പത്താമനായി പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News