സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ കഥാവശേഷനായി. ഇന്നലെയും ഇന്നുമായി ആയിരങ്ങള്‍ നല്‍കിയ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് തലസ്ഥാന നഗരി പ്രിയ സംവിധായകന് വിട ചൊല്ലിയത്. ആദ്യം യൂണിവേഴ്‌സിറ്റി കോളേജിലും, കലഭവന്‍ തീയേറ്ററിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സംസ്‌കാരിക,സാമൂഹ്യ മേഖലയിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ജീവിതത്തിന്റെ എല്ലാ ടേക്കുകളും എടുത്തശേഷം വിശ്രമിക്കാന്‍ കിടക്കുന്നത് പോലെ ലെനിന്‍ രാജേന്ദ്രന്‍ നിശ്ചലനായി കിടന്നു. ഒരിക്കലും ഉണരാത്ത ആ ഉറക്കം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
ജീവിച്ചിരുക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കിയിട്ടില്ലാത്ത ഡയറക്ടറര്‍ ക്യാപ് അപ്പോഴും ലെനിന്റെ തലയില്‍ ഉണ്ടായിരുന്നു. പണ്ഡിറ്റ് കോളനിയിലെ വീട്ടില്‍ നിന്ന് ആദ്യം യൂണിവേഴ്‌സിറ്റി കോളേജിലെക്ക്..സ്‌നേഹിതരും വിദ്യാര്‍ത്ഥികളും അന്ത്യാഭിവാദനം നല്‍കി. ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തോട് യാത്ര ചോദിച്ച് ലെനിന്‍ പടിയിറങ്ങി.
പിന്നെ തന്റെ കര്‍മ്മമേഖലയായ വഴുതക്കാട്ടെ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക്. കലാഭവന്‍ തീയേറ്ററിലെ തിരശീലക്ക് സമാന്തരമായി പാതിയില്‍ മുറിഞ്ഞ് പോയൊരു സിനിമാ കഥ പോലെ കഥാവശേഷനായി ലെനിന്‍ കിടന്നു.സിനിമാ തീയേറ്ററിലെ സ്പീക്കറിലൂടെ ലെനിന്റെ സിനിമയിലെ ഗാനങ്ങള്‍ ഒഴുകി വന്ന് കൊണ്ടെ ഇരുന്നു
സംസ്ഥാന മന്ത്രിമാരും,സിനിമാപ്രവര്‍ത്തകരും, രാഷ്ട്രീയ സംസ്‌കാരിക,സാമൂഹ്യ മേഖലയിലെ പ്രമുഖരും മുതല്‍ അതി സാധാരണക്കാര്‍ വരെ പ്രിയ സംവിധായകന് അന്തിമോപചാരം അര്‍പ്പിച്ചു.
സെല്ലുലോയിഡിനോട് എന്നന്നേക്കുമായി വിട ചോദിച്ച് 1.45 ഓടെ തൈക്കാട് ശാന്തികവാടത്തിലേക്ക് . പ്രിയ കൂട്ടുകാരന്‍ കവി മധുസൂധനന്‍ നായരുടെ നേതൃത്വത്തില്‍ കവിത ആലപിച്ച് കൊണ്ട് യാത്രാമൊഴി ചൊല്ലി.പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സര്‍ക്കാര്‍ നെനിന് വിട നല്‍കിയത്. അടുത്ത ബന്ധുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.
വേനലായി മഴയായി,മകരമഞ്ഞായി ഋതുപരിണാമങ്ങളെ സിനിമാ സ്‌ക്രീനിലേക്ക് കൊണ്ട് വന്ന സംവിധായന്റെ ദേഹം അഗ്‌നി ഏറ്റുവാങ്ങി. കൈരളി ടിവിക്ക് വേണ്ടി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, മുഹമ്മദ് ആരിഫ്, ഉണ്ണി ചെറിയാന്‍,ബി.സുനില്‍ എന്നീവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Get real time update about this post categories directly on your device, subscribe now.