ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം: ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാമത്

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തര്‍. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഖത്തറിന് ഒന്നാം സ്ഥാനം. രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സംരംഭമായ യുഎസിലെ നംബിയോ തയാറാക്കിയ 2019ലെ ഗ്ലോബല്‍ ഡേറ്റാബേസ് സൂചികയിലാണ് മികച്ച പ്രകടനവുമായി ഖത്തര്‍ മുന്നിലെത്തിയത്.

118 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ലോകത്തെ ജീവിതസാഹചര്യങ്ങള്‍, ജീവിതച്ചെലവ്, ഗാര്‍ഹിക സൂചികകള്‍, ആരോഗ്യപരിചരണം, ഗതാഗതം, കുറ്റകൃത്യങ്ങള്‍, മലിനീകരണം എന്നിവയെ സംബന്ധിച്ചെല്ലാം നംബിയോ സമയബന്ധിതമായി വിവരങ്ങള്‍ പുറത്തുവിടാറുണ്ട്.

രാജ്യങ്ങളിലെയും നഗരങ്ങളിലെയും കുറ്റകൃത്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സുരക്ഷിത രാജ്യങ്ങള്‍ സംബന്ധിച്ച സൂചിക തയാറാക്കിയത്. 2015- 2019 കാലയളവില്‍ കൈവരിച്ച നേട്ടങ്ങളാണ് റാങ്കിങില്‍ ഒന്നാമതെത്താന്‍ ഖത്തറിനെ സഹായിച്ചത്. ഈ കാലയളവിലുടനീളം അറബ് മേഖലയില്‍ ഒന്നാം സ്ഥാനം ഖത്തറിനായിരുന്നു. 2017ലും ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാമതെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ രണ്ടാമതായിരുന്നു. സുരക്ഷയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് രാജ്യം. കുറ്റകൃത്യങ്ങളുടെ തോതില്‍ വലിയ കുറവാണുള്ളത്. പൂജ്യം തൊട്ട് 100 വരെയുള്ള സ്‌കെയില്‍ അനുസരിച്ചാണ് കുറ്റകൃത്യങ്ങളുടെ പോയിന്റ് നിശ്ചയിച്ചത്.

20ല്‍ താഴെ പോയിന്റുകള്‍ കുറ്റ കൃത്യങ്ങള്‍ തീരേ കുറവുള്ളതായാണ് കണക്കാക്കുന്നത്. 20നും 40നുമിടയില്‍ പോയിന്റുകള്‍ താരതമ്യേന കുറവും 40നും 60നുമിടയില്‍ പോയിന്റുകള്‍ മധ്യനിലവാരവും 60നും 80നുമിടയല്‍ ഉയര്‍ന്ന നിലയും 80നു മുകളില്‍ അതീവ അപകടകരവുമായി പരിഗണിക്കുന്നു. സൂചികയില്‍ 13.26 പോയിന്റാണ് ഖത്തറിനു ലഭിച്ചത്.

ജപ്പാന്‍, യുഎഇ, തായ് വാന്‍, ഹോങ്കോങ്, ജോര്‍ജിയ, എസ്റ്റോണിയ, ഓസ്ട്രിയ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ് രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കുറ്റകൃത്യങ്ങളുടെ ഗൗരവം സംബന്ധിച്ചുള്ള അഭിപ്രായം, കൊലപാതകം, ഭീകരപ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ വന്ന മാറ്റങ്ങള്‍, രാത്രിയും പകലുമുള്ള നടത്തം, കവര്‍ച്ചകളുടെ തോത്, മോഷണം, ശാരീരിക ആക്രമണം, തെരുവുകളിലെ അതിക്രമം, തൊലി നിറം അടിസ്ഥാനമാക്കിയുള്ള ആക്രമണം, മതവിശ്വാസം അടിസ്ഥാനമാക്കിയുള്ള ആക്രമണം തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രാത്രിയിലും പകലിലും ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്നനിരക്ക് ഖത്തറിലാണ്.

കുറ്റകൃത്യങ്ങള്‍ ഇല്ലാതെ സമാധാന ജീവിതം സാധ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും പോലീസ് വിഭാഗവും നടത്തുന്ന തുടര്‍ച്ചയായ പ്രയത്നങ്ങളുടെ ഫലമാണ് ഖത്തറിന്റെ നേട്ടങ്ങള്‍ക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here