മുന്നോക്ക സംവരണ കാര്യത്തിലും മുത്തലാഖ് വിഷയത്തിലും വ്യക്തമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുതലാഖിന് എതിരാണ് സിപിഐഎം. എന്നാല്‍ മുത്തലാഖ് നിരോധന ബില്ലിലെയും മുന്നോക്ക സംവരണ ബില്ലിലെയും വ്യവസ്ഥകളെ സി പി ഐ എം അംഗീകരിക്കുന്നില്ല. ഈ കാര്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ കളിയാണ് ബിജെപി യുടേതെന്നും കോടിയേരി പറഞ്ഞു.

1985 ല്‍ തന്നെ മുത്തലാഖ് വിഷയത്തില്‍ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. അന്ന് മൊഴി ചൊല്ലപ്പെടുന്ന സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ സിപിഐഎം അതിനെതിരെ അംഗീകരിച്ചു. ഇതോടെ സിപിഐഎം ശരീയത്തിന് എതിരാണ് എന്ന പ്രചാരണമുണ്ടായി.

ഇപ്പോള്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചപ്പോഴും സി പി ഐ എം വിധി സ്വാഗതം ചെയ്തു. എന്നാല്‍ ബി ജെ പി കൊണ്ട് വന്ന മുത്തലാഖ് ബില്ലിലെ വ്യവസ്ഥകളെ സിപിഐഎം എതിര്‍ക്കുന്നു. കാരണം വിവാഹ മോചനം മുസ്ലിം സമുദായത്തിന് മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതിയ നിയമം. മൊഴി ചൊല്ലപ്പെടുന്ന മുസ്ലീം സ്ത്രീകള്‍ക്ക് തന്നെ ദോഷകരമായ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളതെന്നും കോടിയേരി പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ സംവരണം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് ആദ്യം നടപ്പാക്കിയത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തെ അനുകൂലിക്കുമ്പോള്‍ തന്നെ അതിലെ ചില വ്യവസ്ഥകളെ സിപിഐഎം എതിര്‍ക്കുന്നു.മുന്നോക്ക സംവരണ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ അനുവാദം ലഭിച്ചാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും കോടിയേരി പറഞ്ഞു.

എല്ലാ സമുദായത്തിലെയും മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിന്റെ അനുലൂല്യം ലഭിക്കണം എന്നതാണ് സി പി ഐ എം നിലപാട്.മുത്തലാഖ് വിഷയവും മുന്നോക്ക സംവരണ വിഷയവും പരാമര്‍ശിച്ച് മോഡി കൊല്ലത്ത് നടത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം മാത്രമാണെന്നും കോടിയേരി പറഞ്ഞു.