മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉണ്ടാക്കിയതില്‍ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉണ്ടാക്കിയതില്‍ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിന്നാക്കക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും പീഡനമേറ്റുവാങ്ങേണ്ട അവസ്ഥയാണെങ്കിലും അത്തരം സാഹചര്യമല്ല കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ നൂതന തൊഴില്‍ സാധ്യതകള്‍ ഉപയോഗിക്കാനാവുംവിധവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ സജജമാക്കാനും സ്ത്രീശാക്തീകരണത്തിന് കരുത്തേകാനാകുംവിധമുള്ള നടപടികളുമാണ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ വഴി നടപ്പാക്കുന്നത്.
നമ്മുടെ നാടിനേക്കാളും ശക്തമായ ഇടപെടലുകളാണ് തമിഴ്‌നാട്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നവോത്ഥാനം പ്രസ്ഥാനങ്ങള്‍ നടത്തിയത്. എന്നാല്‍ അവിടങ്ങളില്‍ ജാതീയമായ ഉച്ചനീചത്തങ്ങളും ഫ്യൂഡല്‍ അവശിഷ്ടങ്ങളും ഇപ്പോഴും ശക്തമാണ്.

അതില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന് നില്‍ക്കാന്‍ കഴിയുന്നത് നവോത്ഥാനത്തിന്റെ ശക്തമായ പിന്തുടര്‍ച്ച ഉണ്ടായതിനാലാണ്.  ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയ മഹാരഥന്‍മാരും അവരുടെ പിന്നില്‍ അണിനിരന്നവരും നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. കര്‍ഷകപ്രസ്ഥാനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും, ഇടതു സംഘടനകളും ഒക്കെ ശരിയായ രീതിയില്‍ ഇടപെടുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ജാതീയ അവശതകള്‍ മാത്രമല്ല, സാമ്പത്തിക ഇടപെടലുകള്‍ക്കെതിരെയും വലിയ ഇടപെടലുകള്‍ വന്നു.

ജന്‍മിത്വ താത്പര്യങ്ങള്‍ക്കെതിരെയും കൃഷിക്കാര്‍ക്ക് കൃഷിഭൂമിയുടെ അവകാശത്തിനായും പ്രക്ഷോഭം ഉണ്ടായപ്പോള്‍ ആക്ഷേപിച്ചവരും അടിച്ചമര്‍ത്തിയവരും ഉണ്ടായിരുന്നു. എന്നാല്‍, 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ വന്നതോടെ ഭൂപരിഷ്‌കരണ നിയമവും കുടിയൊഴിപ്പിക്കലിനെതിരായ നിയമവും വന്നു. ഇക്കാര്യങ്ങള്‍ കേരളസമൂഹത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്.

ഇതോടൊപ്പം പൊതുവിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യവും നല്‍കിയത് പിന്നാക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസപരമായ വളര്‍ച്ചയുണ്ടാക്കി. സാമൂഹ്യപരമായ പിന്നാക്കാവസ്ഥ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പൂര്‍ണമായി ഇല്ലാതായിട്ടില്ലാത്തതിനാല്‍ അതിനുള്ള തുടര്‍നടപടികള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ സംവരണം തുടരേണ്ടതായിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് സമൂഹത്തില്‍ പൊതുവേ പ്രാമുഖ്യം നല്‍കുന്നുണ്ട്. സ്ത്രീകളെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീ സമൂഹത്തിന്റെ തന്നെ ശക്തമായ പ്രതിരോധമായിരുന്നു വനിതാമതില്‍. അത്തരം ഘട്ടത്തിലാണ് സ്ത്രീശാക്തീകരണത്തിന് ശക്തിപകരാന്‍ കുടുംബശ്രീ വായ്പ നല്‍കാന്‍ പദ്ധതി തുടങ്ങുന്നത്. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇത്തരം സംരംഭങ്ങളിലേക്ക് കടന്നുവരാനാണ് സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ അനുവദിക്കാന്‍ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത സഹായങ്ങള്‍ക്കപ്പുറം പിന്നാക്കവിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്്. കൂടുതല്‍ ഗുണഭോക്താക്കളിലേക്കെത്താന്‍ പിന്നാക്ക വികസന കോര്‍പറേഷന്റെയും പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെയും കൂടുതല്‍ ശാഖകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി. സത്യന്‍ എം.എല്‍.എ, കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, പഴയകുന്നുമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്തംഗം എസ്. യഹിയ, ഗ്രാമപഞ്ചായത്തംഗം വി. ഗോവിന്ദന്‍ പോറ്റി, കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ ആര്‍.എസ്. അനില്‍, കെ. കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ നാസര്‍ പദ്ധതി വിശദീകരിച്ചു.

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ സ്വാഗതവും ജില്ലാ മാനേജര്‍ എസ്. സുരാജ് നന്ദിയും പറഞ്ഞു. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ വായ്പ പദ്ധതി, കൃഷിഭൂമി വായ്പ, ഭവന നിര്‍മാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്‌സിഡിയോടെ വിദേശ വായ്പ, സ്റ്റാര്‍ട്ടപ്പ് വായ്പ, അംഗീകൃത കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള വായ്പ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel