കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിനെതിരെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച.

22.3 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. 8.3 ഓവറില്‍ 21 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് ഗുജറാത്തിന്റെ മുന്‍നിരയെ തകര്‍ത്തത്.

കഥാന്‍ ഡി പട്ടേല്‍ (5), പി.കെ പഞ്ചല്‍ (3), ധ്രുവ് റാവല്‍(17) ആര്‍ ബി കലാറിയ(0) എന്നിവരെ ബേസില്‍ തമ്പി മടക്കിയപ്പോള്‍ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്ണൗട്ടാക്കി. റണ്ണൊന്നുമെടുക്കാതെ ആര്‍ എച്ച് ബട്ടിനെ സന്ദീപ് വാര്യര്‍ പുറത്താക്കി.

നേരത്തെ രണ്ടാമിന്നിങ്സില്‍ കേരളം 171 റണ്‍സിന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ആറാം വിക്കറ്റില്‍ സിജോമോന്‍ ജോസഫ്ജലജ് സക്‌സേന സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കേരളത്തിന് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റണ്‍സ് എന്ന നിലയില്‍നിന്ന കേരളത്തിന് വെറും 22 റണ്‍സിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകള്‍ നഷ്ടമായത്.

23 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ ഗുജറാത്തിന് മുന്നില്‍ വെയ്ക്കുകയായിരുന്നു.