കേരള പൊലീസിന് ഏകദേശം 27 ലക്ഷം രൂപ ഷോറും വില വരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു. വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ഉപയോഗത്തിനെത്തുമ്പോള്‍ വില അടക്കം 55 ലക്ഷം രൂപ ചിലവാകുമെന്നാണ് നിഗമനം. ജപ്പാനീസ് വാഹന നിര്‍മാതാക്കളായ മിസ്തുബിഷിയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് പജീറോ സ്‌പോര്‍ട്.
ഈ വര്‍ഷം പകുതിയോടെ കാറുകള്‍ കേരളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2.5 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 4000 ആര്‍പിഎമ്മില്‍ 178 ബിഎച്ച്പി കരുത്തും 1800 മുതല്‍ 3500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബുള്ളറ്റ് പ്രൂഫായ വാഹനത്തിന് ഗ്രനേഡ് ആക്രമണവും ചെറുക്കാനാവും.
മിറ്റ്‌സുബിഷി പജീറോയിലാണ് പൊലീസിന് വേണ്ട അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. പദ്ധതിക്കായി 1.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ വിളിക്കാതെ 30% തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളുള്ള വാഹനത്തിന് വില ആരംഭിക്കുന്നത് 27 ലക്ഷം രൂപ മുതലാണ്.
നിലവില്‍ മൂന്നു ബുള്ളറ്റ് പ്രൂഫ് കാറുകളാണ് പൊലീസിനുള്ളത്. അതിനാല്‍ തന്നെ വിഐപികള്‍ എത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍നിന്ന് കാറുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തെ തുടര്‍ന്നാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

Get real time update about this post categories directly on your device, subscribe now.