പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്: മുനമ്പം വഴി വിദേശത്തേക്ക് കടന്നവരില്‍ നൂറിലെറെ ദില്ലി തിലക് നഗര്‍ നിവാസികളുള്ളതായി പൊലീസിന് വിവരം

പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്. മുനമ്പം വഴി വിദേശത്തേക്ക് കടന്നവരില്‍ നൂറിലെറെ ദില്ലി തിലക് നഗര്‍ നിവാസികളുമുള്ളതായി പൊലീസിന് വിവരം.
അംബേദ്കര്‍നഗര്‍ കോളനിയിലെ വീടുകളില്‍ നടത്തിയ അന്വേഷണത്തിലാണ് തിലക് നഗര്‍ നിവാസികളും അനധികൃതമായി വിദേശത്തേക്ക് പോയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

എത്രപേര്‍ മുനമ്പം വഴി പോയെന്ന് പരിശോധിക്കാന്‍ പൊലീസ് അന്വേഷണം തിലക് നഗറിലേക്കും വ്യാപിപ്പിച്ചു.അതേസമയം വസ്തുകച്ചവടക്കാരന്‍ സോനുവിന് മനുഷ്യക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അന്വേഷണ വേഗത്തിലാക്കാന്‍ 2 പൊലീസുദ്യോഗസ്ഥര്‍ കൂടി നാളെയെത്തും.

മുനമ്പം വഴി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരുടെ ദില്ലി അംബേദ്കര്‍നഗറിലെ വീടുകളില്‍ നടത്തിയ അന്വേഷണത്തിലാണ് തിലക് നഗര്‍ നിവാസികളും അനധികൃതമായി വിദേശത്തേക്ക് പോയിട്ടുണ്ടെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. അംബേദ്കര്‍ കോളനിയിലെ താമസക്കാര്‍ തന്നെയാണ് തിലക് നഗറിലെ ബന്ധുക്കള്‍ വിദേശത്തേക്ക് പോയതായി പൊലീസിന് വിവരം നല്‍കിയത്.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്തേക്ക് പോയവര്‍ വീഡിയോകോള്‍ വഴി നാട് കടക്കാന്‍ ക്യാന്‍വാസ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

തിലക് നഗറില്‍ നിന്നും നൂറിലേറെ പേര്‍ വിദേശത്തേക്ക് പോയെന്നാണ് പൊലീസ് കരുതുന്നത്. ഇതില്‍ ആരൊക്കെ മുനമ്പം വഴി പോയെന്നുള്ള കാര്യത്തില്‍ വ്യക്തമായ വിവരമില്ല. അതിനാല്‍ അന്വേഷണം തിലക് നഗറിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം അംബേദ്കര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വസ്തുകച്ചവടക്കാരന്‍ സോനുവിന് മനുഷ്യക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു.കേരളാ പൊലീസ് ദില്ലിയിലെത്തിയത് മുതല്‍ ഇയാള്‍ അപ്രത്യക്ഷനായതാണ് സംശയം ബലപ്പെടുത്തിയത്. ഇയാളെ പിടികൂടാന്‍ അന്വേഷണം പൊലീസ് കൂടുതല്‍ ശക്തമാക്കി.

ദില്ലി പൊലീസിന്റെ സഹായം കൂടാതെയാണ് ഇപ്പോഴുള്ള അന്വേഷണം. ഉന്നതബന്ധങ്ങള്‍ ഉണ്ടോയെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രാദേശിക പൊലീസ് സഹായം തേടാത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതോടെ അന്വേഷണം കൂടുതല്‍ വേഗത്തിലാക്കാന്‍ നാളെ 2 പൊലീസുദ്യാഗസ്ഥര്‍ കൂടി അന്വേഷണ സംഘത്തിനൊപ്പം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here