ഒന്നുമറിയാതെ ഫഹദ്; പരസ്യത്തെ ചാരി ഒടിയനെ അടിക്കാന്‍ ട്രോളന്മാര്‍

ട്രോള്‍ ഒരു സാഹിത്യ ശാഖയായിരുന്നെങ്കില്‍ നമുക്ക് നിരവധി സാഹിത്യകാരന്മാരെ കിട്ടിയേനെ. രാഷ്ട്രീയക്കാരും സിനിമാക്കാരുമാണ് ട്രോളന്മാരുടെ ഇരകള്‍.

കാരണം അവരുടെ ജനപ്രീതി തന്നെയാണ് അവരുടെ പുറകേ ട്രോളന്മാരെ വഴി നടത്തുന്നതും. പൂര്‍വ്വാശ്രമത്തില്‍ ആസ്ഥാന ട്രോളന്മാര്‍ പപ്പരാസികള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇനി കാര്യത്തിലേക്ക് വരാം. മലബാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ പരസ്യമാണ് ട്രോളന്മാര്‍ ഏറ്റെടുത്ത് ഒടിയനെതിരേ തിരിച്ചു വിട്ടിരിക്കുന്നത്.

പരസ്യത്തില്‍ പതിവ് കുസൃതിച്ചിരിയുമായി വന്‍ ഡയലോഗുകള്‍ തളളി വിടുന്നതാകട്ടെ ഫഹദ് ഫാസിലും. സിനിമയേയും സ്വര്‍ണ്ണത്തെയും ബന്ധപ്പെടുത്തി ഫഹദ് തട്ടിവിട്ട മാസ് ഡയലോഗാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഒടിയനെതിരേ ഓങ്ങിയിരിക്കുന്നത്.

ഒടിയന്‍ റിലീസാവുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഷൂട്ട് ചെയ്ത ഫഹദിന്റെ പരസ്യമാണ് ഫഹദിനെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒടിയനെതിരേ കത്തിക്കയറുന്നത്. ഈ കാര്യങ്ങളൊന്നും ട്രോളന്മാര്‍ക്ക് അറിയേണ്ട കാര്യമല്ലല്ലോ. കിട്ടിയ ചാന്‍സ് കളയാതെ ഒടിയനെ ഒന്നു കൂടെ ഒടിവെയ്ക്കുകയാണ് ആസ്ഥാന ട്രോളന്മാര്‍.

ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യത്തില്‍ ഫഹദ് എത്തുന്നതു തന്നെ നല്ലൊരു മാസ് എന്‍ട്രിയാണ്. അതിനേക്കാള്‍ പൊളിപ്പനായ ഡയലോഗുമുണ്ട്.

കടും ചുവപ്പ് കോട്ട് ധരിച്ച് ചുവപ്പ് ആഡംബര കാറില്‍ കുതിക്കുന്ന ഫഹദിന്റെ ആദ്യ മാസ് ഡയലോഗ് തന്നെ എത്ര കോടിയുടെ ബഡ്ജറ്റാണെന്നു നോക്കിയാണോ നിങ്ങള്‍ സിനിമയ്ക്കു പോകുന്നതെന്ന് എന്നു ചോദിച്ചു കൊണ്ടാണ്.

ഒടിയന്റെ റിലീസിനും വിവാദത്തിനും മാസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ സ്‌ക്രിപ്റ്റാണ് ട്രോളന്മാര്‍ വളച്ചും ഒടിച്ചും തട്ടിവിടുന്നത്. പുതുമയുളളതാണോ വ്യത്യസ്തമാണോ എന്നു ബോദ്ധ്യപ്പെടണമെന്നുമാണ് ഫഹദിന്റെ അടുത്ത ഡയലോഗ്.

ഒടിയന്റെ ചങ്കില്‍ തന്നെ കുത്തുന്ന മാസ് ഡയലോഗായി ട്രോളന്മാര്‍ ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. അടുത്ത ഡയലോഗ് ശ്രീകുമാര്‍ മേനോന്റെ ചങ്കില്‍ തന്നെയാണ് തുളഞ്ഞു കയറിയെന്നാണ് ട്രോളന്മാരുടെ ആക്ഷേപം.

ഇനിയിപ്പൊ സിനിമ കാണണമെങ്കില്‍ വിശ്വാസമുളള ഒരു പേര് ഉണ്ടായിരിക്കണമെന്നാണ് ഫഹദ് തുടര്‍ന്നുളള ഡയലോഗില്‍ പറയുന്നത്.

ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ശ്രീകുമാര്‍ മേനോന്‍ കരുതിക്കോട്ടെയെന്നാണ് ട്രോളന്മാരുടെ ലക്ഷ്യം.

ട്രോളന്മാരും പ്രമുഖ നടന്റെ ഫാന്‍സുമെല്ലാം ഒടിയനെ ആക്രമിച്ചിട്ടും ആരും തടയാനെത്തിയില്ലെന്ന സംവിധായകന്റെ വിലാപമൊക്കെ നാട്ടുകാരുടെ കാതിലുണ്ട്.

അതൊക്കെ ഒതുങ്ങി വരുമ്പോഴാണ് ഫഹദിന്റെ പരസ്യത്തെ മറ്റൊരു തരത്തില്‍ ദുര്‍വ്യാഖ്യാനം ട്രോളന്മാര്‍ വീണ്ടും പണി തുടങ്ങിയത്.

ഓഫറിലും പേഴ്സ്ന്റേജിലുമൊന്നുമല്ല കാര്യമെന്ന് അവസാനം ഫഹദ് പറഞ്ഞു വെയ്ക്കുന്നത് ആഭരണങ്ങളുടെ കാര്യമാണെങ്കിലും ഇതും ട്രോളന്മാര്‍ വെറുതെവിട്ടില്ല. ഒടിയന്റെ ടിക്കറ്റ് ഓഫറില്‍ കിട്ടിയവരെ ഓര്‍മ്മ വരുന്നത് തെറ്റാണോയെന്ന് വരെ ട്രോളന്മാര്‍ ചോദിച്ചിരിക്കുന്നു.

ഏതായാലും ഫഹദ് ഫാസില്‍ പുതിയ കെട്ടിലും മട്ടിലും സ്‌റ്റൈലിഷായും എത്തുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുമ്പോഴാണ് ട്രോളന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമാക്കുന്നത്.

എന്തൊക്കയാണെങ്കിലും സംഭവിച്ചതൊക്കെ തികച്ചും യാദൃശ്ചികമാണെന്നു ആര്‍ക്കും മനസ്സിലാകും. കാരണം ഒടിയന്‍ വിവാദങ്ങള്‍ക്കും റിലീസിനും എത്രയോ മുമ്പേ ഫഹദിന്റെ ഈ പരസ്യം ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News