ശബരിമല ദര്‍ശനത്തിന്റെ പേരില്‍ സംഘപരിവാറിന്റെ ആക്രമണം; ബിന്ദുവും കനക ദുര്‍ഗയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല ദര്‍ശനത്തിന്റെ പേരില്‍ സംഘപരിവാറിന്റെ ആക്രമണങ്ങള്‍ നേരിടുന്ന ബിന്ദുവും കനക ദുര്‍ഗയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജീവന് ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയം സുരക്ഷ നല്‍കാന്‍ ഉത്തരവിടണം, ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഹര്‍ജി

ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയപ്പ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയുമാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയതത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കണം അതിനായി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോലീസ് സുരക്ഷ നല്‍കാന്‍ ഉത്തരവിടണം. ശുദ്ധി ക്രിയ നടത്തുന്നത് ഭരണഘടന വിരുദ്ധമായും കോടതി വിധിയുടെ ലംഘനമായി പ്രഖ്യാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് റിട്ട് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ശുദ്ധി ക്രിയ സ്ത്രീകളുടെ അന്തസ് ഇടിക്കുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും അക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം. അതിനോടൊപ്പം രണ്ടു പേര്‍ക്കും മുഴുവന്‍ സമയം സുരക്ഷ ഒരുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ഇന്ന് പരിഗണിക്കുന്നത്.

ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയതെന്നും സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ജീവന് ഭീഷണിയുള്ളതിനാല്‍ ഒളിവില്‍ കഴിയേണ്ടി വന്നു.

വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സുരക്ഷ നല്‍കണമെന്ന ഇരുവരുടെയും ആവശ്യം ഒരു പക്ഷേ കോടതി വേഗം പരിഗണിച്ചേക്കാം.എന്നാല്‍ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുള്ള മറ്റാവശ്യങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ള പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റുമോയെന്നാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News