കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗണിന്റെ എംഡിക്ക് പി‍ഴയിട്ട്, ദേശീയ ഹരിത ട്രിബ്യൂണല്‍. വൈകുന്നേരം അഞ്ചു മണിക്കു മുന്‍പായി നൂറു കോടി രൂപ കെട്ടിവെക്കണമെന്നാണ് ഉത്തരവ്.

വാഹന പുക മലിനീകരണം നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങള്‍ ഇന്ത്യന്‍ നിയമത്തിനനുസൃതമായി ഒരുക്കാത്തതിനാലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടിരൂപ പിഴ കെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

തുക കെട്ടിവെച്ചില്ലെങ്കില്‍ അറസ്റ്റും സ്വത്തുക്കള്‍ കണ്ടു കെട്ടാനുമാണ് എന്‍ജിടിയുടെ ഉത്തരവ്. ഇന്ത്യന്‍ നിയമപ്രകാരം പുക മലിനീകരണം നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളില്‍ ഫോക്സ് വാഗണ്‍ കമ്പനി വീഴ്ച്ച വരുത്തിയെന്ന് നേരത്തെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

ഡീസല്‍ എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത വ്യാജമായി നിര്‍ണ്ണയിക്കാന്‍ ഇടയാക്കിയിരുന്ന മൂന്നര ലക്ഷത്തോളം വാഹനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും തിരിച്ചെടുക്കും എന്ന് കമ്പനി ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതില്‍ കമ്പനിയുടെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതാണ് ട്രിബ്യൂണലിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്.