ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്നാകും ഇനി കേസന്വേഷിക്കുക. നിലവില്‍ കേസന്വേഷിക്കുന്ന സംഘത്തെ സഹായിക്കാന്‍ ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദേശം നല്‍കി.

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണം അധോലോക നായകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ചു തന്നെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇയാളുടെ വിദേശ ബന്ധം ഉള്‍പ്പടെയുള്ളവ അന്വേഷണ പരിധിയില്‍ വരും. ഈ സാഹചര്യത്തിലാണ് നിലവിലെ അന്വഷണ സംഘത്തെ നിലനിര്‍ത്തിക്കൊണ്ട് സംഘം വിപുലീകരിക്കാന്‍ ഡിജിപി തീരുമാനിച്ചത്.

അന്വേഷണ സംഘത്തെ സഹായിക്കാന്‍ ക്രൈം ബ്രാഞ്ചിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തെ അന്വേഷണം ലോക്കല്‍ പോലീസും വിദേശ അന്വേഷണം ക്രൈംബ്രാഞ്ചും നിര്‍വ്വഹിക്കും.

രവി പൂജാരിയില്‍ നിന്നു മാത്രമാണ് തനിക്ക് ഭീഷണിയുണ്ടായതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീനാ മരിയ പോള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഒപ്പം പൂജാരിയുടെ ഫോണ്‍ കോള്‍ റെക്കോഡും ലീന പോലീസിന് കൈമാറിയിരുന്നു. ഇത് പൂജാരിയുടെ ശബ്ദം തന്നെയെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം രവി പൂജാരിയുടെ കേരളത്തിലെ സഹായികളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

അതിനാല്‍ അന്വേഷണം രവി പൂജാരിയെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. പൂജാരിയുടെ ബന്ധങ്ങള്‍ വിപുലമായതിനാല്‍ ലോക്കല്‍ പോലീസിന് ഒറ്റയ്ക്ക് അന്വേഷണം നടത്തുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതെ തുടര്‍ന്നാണ് കേസന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ സഹായവും ലഭ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News