വൈദികരും സന്യസ്തരും അച്ചടക്കലംഘനം നടത്തിയാല്‍ കടുത്ത നടപടി നിര്‍ദേശിച്ച് സീറോ മലബാര്‍ സഭാ സിനഡ്

സഭയിലെ വൈദികരുടെയും സന്യസ്തരുടെയും അച്ചടക്കം സംബന്ധിച്ച മാര്‍ഗ്ഗരേഖയുമായി സീറോ മലബാര്‍ സഭാ സിനഡ്.

ഗുരുതര അച്ചടക്കലംഘനം നടത്തിയാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും പുറപ്പെടുന്ന വൈദികരും കന്യാസ്ത്രീകളും കാനോന്‍നിയമങ്ങള്‍ പാലിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

രൂപതാധ്യക്ഷന്‍റെ അനുവാദമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും സഭാ വിരുദ്ധന്മാരെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനുളള സമീപകാല പ്രവണത അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജനുവരി ഏ‍ഴിന് തുടങ്ങിയ സിനഡ് ഇന്ന് സമാപിച്ചു.

സമീപകാലത്ത് ഏതാനും ചില വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്‍റെ സകല സീമകളും ലംഘിച്ചുവെന്ന് വിലയിരുത്തിയാണ് സിനഡ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്.

വൈദികരും സന്യസ്തരും പാലിക്കേണ്ട ആറ് കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍.

സഭയില്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും.

സഭാ വിരുദ്ധന്മാരെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് അച്ചടക്ക നടപടിയെ പ്രതിരോധിക്കാനുളള പ്രവണത അംഗീകരിക്കില്ല.

സഭയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

രൂപതാദ്ധ്യക്ഷന്‍റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയില്ലാതെ വൈദികരോ കന്യാസ്ത്രീകളോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്.

സഭ നിയോഗിക്കുന്ന വക്താക്ക‍ളോ മീഡിയ കമ്മീഷനോ നല്‍കുന്നവ മാത്രമാകും ഔദ്യോഗിക വാര്‍ത്തകള്‍. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും പുറപ്പെടുന്ന വൈദികരും സന്യസ്തരും കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവരാണ്.

ഇക്കാര്യത്തില്‍ വീ‍ഴ്ച വരുത്തിയാല്‍ അച്ചടക്കലംഘനമായി കരുതും. സഭയുടെ ഔദ്യോഗികസംഘടനയുടെ പ്രസ്ഥാനമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളെ അംഗീകരിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്,

ഇവരില്‍ നിന്നും വിശ്വാസികള്‍ അകലണമെന്നും നിര്‍ദേശമുണ്ട്. സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News