ശബരിമല വിഷയത്തില്‍ ഭക്തരെ ഇളക്കിവിട്ട് വോട്ടാക്കി മാറ്റാമെന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം പ്രബുദ്ധ കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ പിറകേ നടക്കുന്നവരാണ് യുഡിഎഫ്. നവോത്ഥാന പാരമ്പര്യമുള്ള കേരളത്തില്‍ ബിജെപിക്കാരന് ഒരുപങ്കുമില്ല.
കേരളത്തിലെ വികസനത്തിലും ഒരുപങ്കുമില്ലാത്ത പാര്‍ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. മേയറെയും ജനപ്രതിനിധികളെയും ബൈപാസ് ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ചിന്നക്കട പോസ്റ്റോഫീസിനു മുന്നില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പന്ന്യന്‍.
ജനങ്ങളെ വഞ്ചിച്ച പാര്‍ടിയാണ് ബിജെപിയും നരേന്ദ്രമോഡിയും. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നാണ് ഇപ്പോള്‍ ബിജെപി പറയുന്നത്. അയോധ്യ വിഷയം എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. എന്നാല്‍ ഇത്തവണ അയോധ്യവിഷയത്തില്‍ വോട്ടുനേടി ഭരണത്തില്‍ വരാമെന്നുള്ള വ്യാമോഹം ബിജെപിക്ക് വേണ്ട. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വികാരത്തെയാണ് പ്രകടിപ്പിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു.
സിപിഐ സിറ്റികമ്മിറ്റി സെക്രട്ടറി എ ബിജു അധ്യക്ഷനായി. മുന്‍മന്ത്രി പി കെ ഗുരുദാസന്‍, എം നൗഷാദ് എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്‌സ് ഏണസ്റ്റ്, പരവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി കുറുപ്പ്, പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ , സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ്, അഡ്വ. ഇ ഷാനവാസ്ഖാന്‍, കെഡിഎഫ് ചെയര്‍മാന്‍ പി രാമഭദ്രന്‍, വസന്തകുമാര്‍ സാംബശിവന്‍, ജെ ചിഞ്ചുറാണി, ആര്‍ വിജയകുമാര്‍, ജി ലാലു, ഡി സുകേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് കൊല്ലം മണ്ഡലം കണ്‍വീനര്‍ എ എം ഇക്ബാല്‍ സ്വാഗതം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here