ദസോള്‍ട്ടിന് മോഡി സര്‍ക്കാര്‍ നല്‍കിയത് കോടികള്‍; റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് 6696 കോടി രൂപ അധിക വില നല്‍കി

ന്യൂഡൽഹി: ഫ്രാൻസിലെ ദസോൾട്ട‌് കമ്പനിയിൽനിന്ന‌് നരേന്ദ്ര മോഡി സർക്കാർ റഫേൽ വിമാനങ്ങൾ വാങ്ങിയത‌് 6696 കോടിരൂപ അധികവിലയ‌്ക്കെന്ന‌് പുതിയ വെളിപ്പെടുത്തൽ.

36 റഫേൽ വിമാനം വാങ്ങാനാണ‌് ധാരണയായത‌്. 2007 ലെ ധാരണപ്രകാരമുള്ള വിലയേക്കാൾ ഓരോന്നിനും 186 കോടിയാണ‌് അധികം നൽകുന്നത‌്. 41 ശതമാനം അധികവില നൽകിയാണ‌് മോഡി സർക്കാർ റഫേൽ വിമാനങ്ങൾ വാങ്ങുന്നതെന്ന‌് ‘ദി ഹിന്ദു’ പത്രം വെള്ളിയാഴ‌്ച റിപ്പോർട്ട‌്ചെയ‌്തു.

2007ൽ കേന്ദ്രസർക്കാരും ദസോൾട്ടുമായുണ്ടാക്കിയ ധാരണപ്രകാരം ഒരു വിമാനത്തിന‌് 79.3 ദശലക്ഷം യൂറോയാണ‌് നൽകേണ്ടിയിരുന്നത‌്.

13 കൂട്ടിച്ചേർക്കലുകൾക്കായി 11.11 ദശലക്ഷം യൂറോ അധികവും. 2011 ൽ പുതുക്കിയ ധാരണപ്രകാരം വില 100.85 ദശലക്ഷം യൂറോയായി ഉയർന്നു.

കൂട്ടിച്ചേർക്കലുകളുടെ ചെലവ‌് അതേപടി തുടർന്നു. മോഡി സർക്കാർ വന്നശേഷം 2016 ൽ വിലയിൽ ഒമ്പത‌് ശതമാനത്തിന്റെ കിഴിവ‌് നൽകാൻ ദസോൾട്ട‌് തയ്യാറായി.

ഇതുപ്രകാരം ഒരു വിമാനത്തിന‌് 91.75 ദശലക്ഷം യൂറോയെന്ന നിരക്കിൽ 36 വിമാനം വാങ്ങാൻ ധാരണയായി. എന്നാൽ കൂട്ടിച്ചേർക്കലുകൾക്ക‌് ഒരു വിമാനത്തിന‌് 36.11 ദശലക്ഷം യൂറോ അധികം നിശ്ചയിച്ചു.

2007 ലും 2011 ലും പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ട 13 കൂട്ടിച്ചേർക്കൽ തന്നെയാണ‌് എൻഡിഎ കാലത്തെ കരാറിലുമുള്ളത‌്.

126 എണ്ണത്തിൽ കൂട്ടിച്ചേർക്കൽ വരുത്താൻ 2007 ലും 2011 ലും ദസോൾട്ട‌് ആവശ്യപ്പെട്ടത‌് 1.4 ശതകോടി യൂറോയായാണ‌്. എൻഡിഎ കാലത്തെ കരാറിലാകട്ടെ വെറും 36 വിമാനങ്ങളിൽ 1.3 ശതകോടി യൂറോയെന്ന ഭീമമായ തുകയാണ‌് ഈടാക്കുന്നത‌്.

ചുരുക്കത്തിൽ 2007 ലെ ധാരണപ്രകാരം ഒരു റഫേൽ വിമാനം എല്ലാ കൂട്ടിച്ചേർക്കലുകളോടെയും വാങ്ങാൻ 90.41 ദശലക്ഷം യൂറോയായിരുന്നത‌് 2016 ൽ 127.86 ദശലക്ഷം യൂറോയായി ഉയർന്നു. 41.4 ശതമാനമാണ‌് വർധന.

ഒരു വിമാനത്തിന‌് 186 കോടി കൂടുതൽ

ഒരു വിമാനത്തിന‌് 186 കോടിരൂപയാണ‌് അധികം നൽകുന്നത‌്. 36 വിമാനം നൽകുമ്പോൾ ദസോൾട്ടിന‌് അധികനേട്ടം 6696 കോടിയാണ‌്.

യുപിഎ കാലത്ത‌് 126 വിമാനം വാങ്ങുന്നതിനായിരുന്നു ധാരണ. ഒരുമാസം ഒരുവിമാനം നിർമിച്ച‌് കൈമാറാനാണ‌് ധാരണയെങ്കിൽ 13 കൂട്ടിച്ചേർക്കലുകൾക്കായി നൽകേണ്ടിവരുന്ന 1.3 ശതകോടി യൂറോ 10 വർഷവും ആറുമാസവുംകൊണ്ട‌് നൽകിയാൽ മതി.

എന്നാൽ, 36 എണ്ണം ഒരുമാസത്തിൽ ഒന്ന‌് എന്ന നിലയിൽ കൈമാറുമ്പോൾ മൂന്നുവർഷംകൊണ്ട‌് 1.3 ശതകോടി യൂറോ ദസോൾട്ടിന‌് ലഭിക്കും.

പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിനെ മറികടന്ന‌് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയാണ‌് ഇടപാടിലെ ഓരോ ഘട്ടത്തിനും അനുമതി നൽകിയത‌്.

പൊതുമേഖലാ സ്ഥാപനമായ എച്ച‌്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ പുറംകരാർ പങ്കാളിയാക്കിയത‌് അടക്കമുള്ള വിവാദങ്ങൾ നിലനിൽക്കെയാണ‌് ദസോൾട്ടിന‌് വൻനേട്ടം കൈവരുംവിധമായിരുന്നു കരാറെന്ന വിവരം പുറത്താവുന്നത‌്.

മറ്റൊരു ബൊഫോഴ‌്സ്‌

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന്റേതായി ‘ദി ഹിന്ദു’ വെള്ളിയാഴ‌്ച പ്രസിദ്ധപ്പെടുത്തിയ വാർത്തയോടെ റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.

മറ്റൊരു ബൊഫോഴ‌്സായി റഫേൽ ഇടപാട‌് മാറുകയാണ‌്. എൺപതുകളിൽ രാജീവ‌് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് സർക്കാരിനെ നിലംപരിശാക്കിയ ബൊഫോഴ‌്സ‌് ഇടപാടിലെ പല വെളിപ്പെടുത്തലുകളും റാമിന്റേതായിരുന്നുവെന്നതും ശ്രദ്ധേയം.

1986 ൽ ‘ദി ഹിന്ദു’ ദിനപത്രമാണ‌് ബൊഫോഴ‌്സ‌് അഴിമതി പുറത്തുകൊണ്ടുവന്നത‌്. അക്കാലത്ത‌് സ്വീഡനിലുണ്ടായിരുന്ന ഹിന്ദു ലേഖിക ചിത്ര സുബ്രഹ്മണ്യന്റേതാണ‌് ആദ്യറിപ്പോർട്ട‌്. പിന്നീട‌് ചിത്രയുടെയും റാമിന്റേതുമായി നിരവധി റിപ്പോർട്ടുകൾ വന്നു.

ദസോൾട്ട‌് കമ്പനി

പ്രതിരോധരംഗത്തെ വ്യോമയാനങ്ങളുടെ നിർമാണമാണ‌് പ്രധാനമായും ഫ്രഞ്ച‌് കമ്പനിയായ ദസോൾട്ട‌് ഏറ്റെടുക്കുന്നത‌്.

4808 ദശലക്ഷം യൂറോയാണ‌് ആസ‌്തി. എറിക‌് ട്രാപിയറാണ‌് ചെയർമാൻ. 1986 ലാണ‌് റാഫേൽ വിമാനങ്ങൾ രൂപകൽപന ചെയ‌്തത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here