പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം വേണം; കേരളത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ രാജ്യത്തിനാകെ മാതൃക

കോഴിക്കോട‌്: സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികൾക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിൽ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികൾ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി വെൽഫെയർ ബോർഡ‌് വഴി പെൻഷനും നോർക്ക വഴി ചികിത്സാ സഹായ പദ്ധതികളും നൽകുന്നു. \

ലോകത്ത‌് ഏറ്റവും കൂടുതൽ പ്രവാസികളുടെ പണം വരുന്ന രാജ്യമാണ‌് ഇന്ത്യ. 1979–2001 കാലയളവിൽ എമിഗ്രേഷൻ ഫണ്ടിനത്തിൽ പിരിച്ചെടുത്ത 24,000 കോടി രൂപ കേന്ദ്ര സർക്കാരിന്റെ ഖജനാവിലുണ്ട‌്.

പാസ‌്പോർട്ട‌് സേവാ കേന്ദ്രങ്ങൾ വഴിയും വൻതുക കേന്ദ്രത്തിലെത്തുന്നു. എന്നാൽ പ്രവാസി ക്ഷേമത്തിനുവേണ്ടി ഒരുരൂപപോലും ചെലവഴിക്കുന്നില്ല.

കേരളത്തിൽ നടപ്പാക്കുന്ന പ്രവാസി ക്ഷേമത്തിന‌് ആനുപാതികമായി തുക അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ടാഗോർ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് പി ടി കുഞ്ഞുമുഹമ്മദ‌് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ റിപ്പോർട്ടും ട്രഷറർ ബാദുഷ കടലുണ്ടി കണക്കും അവതരിപ്പിച്ചു. എ സി ആനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ എ പ്രദീപ‌്കുമാർ എംഎൽഎ സ്വാഗതവും ജില്ലാ സെക്രട്ടറി സി വി ഇക‌്ബാൽ നന്ദിയും പറഞ്ഞു.

ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. ആദ്യദിനം എം ജവഹർ, പേരോത്ത‌് പ്രകാശൻ (കോഴിക്കോട‌്), പ്രകാശൻ (വയനാട‌്)‌, ചന്ദ്രമോഹനൻ (മലപ്പുറം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പി സെയ‌്താലിക്കുട്ടി പ്രമേയം അവതരിപ്പിച്ചു. രാത്രി മെഹ‌്ഫിൽ സന്ധ്യയും അരങ്ങേറി. ചർച്ച ഞായറാഴ‌്ച രാവിലെ 10ന‌് പുനരാരംഭിക്കും.

വൈകിട്ട‌് നാലിന‌് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News