കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അയയുന്നില്ല. ഇന്നലെ രാത്രിയോടെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയ എം.ല്‍എമാരുമായി ഇന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കൂടിക്കാഴ്ച്ച നടത്തും.

4 വിമത എം.എല്‍എമാര്‍ക്കെതിരെ കൈകൊള്ളേണ്ട നടപടിയെക്കുറിച്ച് കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും.

കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായുടന്‍ 76 എം.എല്‍എമാരേയും കോണ്‍ഗ്രസ് ഇന്നലെ രാത്രിയോടെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരുന്നു.

ആകെയുള്ള 80 എം.എല്‍എമാരില്‍ 4 പേര്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്നതോടെ ഇവര്‍ വഴി ബിജെപി കൂടുതല്‍ എം.എല്‍എമാരെ മറുകണ്ടം ചാടിക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് റിസോര്‍ട്ടിലേയ്ക്ക് എല്ലാവരേയും മാറ്റിയത്.

റിസോര്‍ട്ടിലുള്ള എം.എല്‍എമാരുമായി കേന്ദ്ര നേതൃത്വം കൂടിക്കാഴ്ച്ചകള്‍ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്നവരില്‍ രണ്ട് എം.എല്‍എമാരായ ഉമേഷ് ജാദവ്,ബി.നാഗേന്ദ്ര എന്നിവര്‍ യോഗത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നേരത്തെ ചില കാരണങ്ങള്‍ ചൂണ്ടി അനുമതി തേടിയിരുന്നു.

എന്നാല്‍ മുന്‍മന്ത്രി രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തലി എന്നിവര്‍ പൂര്‍ണ്ണമായും വിട്ട് നിന്നു. ഇവര്‍ക്കെതിരെ എന്ത് നടപടി കൈകൊള്ളണമെന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും.

നാല് പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി,മറുപടി ലഭിച്ച ശേഷം കൂറ്മാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കണമെന്ന് കര്‍ണ്ണാടകയിലെ നേതാക്കള്‍ ആവശ്യപ്പെടുന്നു.

ഇവരെ ആയോഗ്യരാക്കിയാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സഭയിലെ അംഗബലം 220 ആകും. കേവല ഭൂരിപക്ഷം 111 ആയി ചുരുങ്ങുകയും ചെയ്യും