കനയ്യ കുമാറിനെതിരായ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് പാട്യാല കോടതി; നിയമവകുപ്പിന്റെ അനുമതിയില്ലാതെ കുറ്റപത്രം എന്തിന് സമര്‍പ്പിച്ചുവെന്ന് കോടതി

ദില്ലി: കനയ്യ കുമാറടക്കം പത്തു പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് ദില്ലി പാട്യാല ഹൗസ് മെട്രോപൊളിറ്റന്‍ കോടതി. കുറ്റപത്രം നിയമവകുപ്പിന്റെ അനുമതിയില്ലാതെ എന്തിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. പത്തു ദിവസത്തിനുള്ളില്‍ അംഗീകാരം വാങ്ങാമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിക്കുന്ന കുറ്റപത്രം അംഗീകരിക്കാനാവില്ലെന്ന് ദില്ലി പാട്യാല ഹൗസ് മെട്രോപൊളിറ്റന്‍ കോടതി വ്യക്തമാക്കി.

കുറ്റപത്രം നിയമവകുപ്പിന്റെ അനുമതിയില്ലാതെ എന്തിന് സമര്‍പ്പിച്ചുവെന്ന് കോടതി പൊലീസിനോട് ചോദിച്ചു. പത്തു ദിവസത്തിനുള്ളില്‍ അംഗീകാരം വാങ്ങാമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ ആറാം ചാപ്പ്റ്ററില്‍ വരുന്ന 124 (എ) വകുപ്പുകളടക്കമാണ് കനയ്യകുമാറിനടക്കം ചുമത്തിയിരിക്കുന്നത്. ആറാം ചാപ്പ്റ്ററിലെ വകുപ്പുകള്‍ ചുമത്തിയ കേസില്‍ സിആര്‍പിസി 196 പ്രകാരം സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്രസര്‍ക്കാരിന്റേയോ അംഗീകാരം വേണം.

ഈ അംഗീകാരം ഇല്ലാത്തതുകൊണ്ടാണ് കോടതി കുറ്റപത്രം അംഗീകരിക്കാതിരുന്നത്.ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ അന്വേഷിച്ച കേസായതുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് അംഗീകാരം കൊണ്ടുകേണ്ടത്. ഇത് രാഷ്ട്രീയ പ്രേരിതമായ കേസായതിനാല്‍ കേജരിവാളിന്റെ തീരുമാനം നിര്‍ണായകമാവും.

ദില്ലി കേന്ദ്ര ഭരണ പ്രദേശമായതിനാല്‍ കേജരിവാളിനെ മറികടന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ ആംആദ്മിയും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തമാകും.അധികാരം ആര്‍ക്കാണെന്ന പേരിലുണ്ടായിരുന്ന തര്‍ക്കം സുപ്രീംകോടതി വരെ എത്തിയിരുന്നു.

അവകാശങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്തുകയും ചെയ്തിരുന്നു. അതേസമയം ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവര്‍ത്തകരും അനുകൂലികളുമാണെന്ന് മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റെ സെക്രട്ടറി പ്രദീപ് നര്‍വാള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel