ബിജെപിക്കെതിരെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ റാലി

ബിജെപിക്കെതിരെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ റാലി.പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍ റാലിയില്‍ പങ്കെടുത്തു.

റാഹുല്‍ഗാന്ധി,മായാവതി,ഇടത് പാര്‍ട്ടി നേതാക്കളും വിട്ട് നിന്നു. അതേ സമയം റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ഒരു എം.എല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് പോലും രാജ്യം ഭരിക്കണമെന്നാണ് ആഗ്രഹമെന്നും മോദി വിമര്‍ശിച്ചു.

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍കത്തയില്‍ പ്രതിപക്ഷ പാര്‍ടികളുടെ റാലി അരങ്ങേറിയത്.സമാജ് വാദി നേതാവ് അഖിലേഷ് യാദവ്,എന്‍സിപിയില്‍ നിന്നും ശരദ്പവാര്‍,ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍,ജെഡിഎസ് നേതാക്കളായ ദേവഗൗഡ,കുമാരസ്വാമി,നാഷണല്‍ കോണ്ഫറന്‍സില്‍ നിന്നും ഫറൂക്ക് അബ്ദുള, ഡി.എം.കെ.അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലില്‍, ലാലു പ്രസാദ് യാദവിന്റെ പുത്രന്‍ തേജസ്വി യാദവ്,മറ്റ് പ്രതിപക്ഷ നേതാക്കളായ അജിത് സിങ്ങ്,ശരദ് യാദവ്,ഹേമന്ത് സോറന്‍,ബാബു ലാല്‍ മറാണ്ടി തുടങ്ങിയവരും റാലിയില്‍ സനിഹിതരായി.

ഗുജറാത്തില്‍ നിന്ന് ജിഗ്‌നേഷ് മേവാനി,ഹാര്‍ദിക് പട്ടേല്‍ എന്നിവരും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എല്ലാ ഭിന്നതകളും മറന്ന് ബിജെപിക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ഗാന്ധിയെ ഉയര്‍ത്തികാട്ടി മഹാസഖ്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴാണ് പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ മമതാ ബാനര്‍ജിയുടെ ശ്രമം.രാഹുല്‍ഗാന്ധി, മായാവതി എന്നിവര്‍ പ്രതിനിധികളെ അയച്ചെങ്കിലും റാലിയ്ക്ക് എത്തിയില്ല.

മമതാ ബാനര്‍ജിയുമായി സൗഹൃദത്തിലായിരുന്ന തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറുടെ അസാനിധ്യവും ശ്രദ്ധേയമായി . നവീന്‍ പട്നായിക്കും ഇടത് പാര്‍ടികളും റാലിയില്‍ നിന്ന് അകലം പാലിച്ചു.പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ വിജയം ഉറപ്പിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം.അതേ സമയം റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ത്രമോദി രംഗത്ത് എത്തി.

ഗുജറാത്തിലെ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്ന മോദി മഹാസഖ്യം വിജയിക്കില്ലെന്ന് വിമര്‍ശിച്ചു. സ്വന്തം താല്‍പര്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു എം.എല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് പോലും രാജ്യം ഭരിക്കണമെന്നാണ് ആഗ്രഹം. മോദിയുടെ ഭരണം ചരിത്രം കണ്ട് ഏറ്റവും വലിയ അഴിമതി ഭരണമെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel