പ്രവാസികള്‍ക്ക് യാതൊരു പരിഗണനയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയുള്ള നിക്ഷേപത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ട് ദിവസമായി കോഴിക്കോട് നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം, പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നാടിന്റെ അഭിവൃദ്ധിക്ക് പ്രവാസികളെ എങ്ങനെ പങ്കാളികളാക്കാം എന്നതില്‍ നിന്നാണ് ലോക കേരള സഭ രൂപീകൃതമായതെന്ന് പിണറായി പറഞ്ഞു.

എംബസികള്‍ പ്രവാസികളുടെ കുടുംബ വീടായി മാറേണ്ടതാണ്, എന്നാല്‍ പലപ്പോഴും അത് ഉണ്ടാകുന്നില്ല. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് പുനര്‍ചിന്തന ഉണ്ടാകേണ്ടതുണ്ട്. എയര്‍ ഇന്ത്യ തന്നെ യാത്രക്കാരെ കൊള്ളയടിക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലും കേന്ദ്ര ഇടപെടല്‍ കാര്യക്ഷമമല്ല. പ്രവാസിക്ഷേമത്തിനായി കണ്‍സോഷ്യം രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് നടന്ന അഞ്ചാം സംസ്ഥാന സമ്മേളനം പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി പി ടി കുഞ്ഞുമുഹമ്മദിനേയും ജനല്‍ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, ട്രഷറര്‍ ആയി ബാദുഷ കടലുണ്ടിയേയും വീണ്ടും തെരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും പ്രോക്‌സി വോട്ടിനുള്ള അവകാശം കുടുംബാംഗങ്ങള്‍ക്ക് മാത്രമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.