മോഡി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപ; ആദ്യ എട്ടുമാസം വാങ്ങിയ കടം വര്‍ഷത്തില്‍ മൊത്തം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടി

മോഡി സര്‍ക്കാരിന് തിരിച്ചടിയായി ധനമന്ത്രാലയം പ്രസിദ്ധീകരിച്ച എട്ടാമത് റിപ്പോര്‍ട്ട്. മോഡി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായി.

സര്‍ക്കാരിന്റെ കടങ്ങള്‍ സംബന്ധിച്ച് ധനമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ എട്ടുമാസം വാങ്ങിയ കടം വര്‍ഷത്തില്‍ മൊത്തം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടി.

റിപ്പോര്‍ട്ട് ഇങ്ങനെ

ഓരോ പൗരനും കടം 63000 രൂപ

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടം 54.90 ലക്ഷം കോടി രൂപയായിരുന്നു. 2018 സെപ്തംബര്‍വരെയുള്ള കണക്കുപ്രകാരം ഇത് 82.03 ലക്ഷം കോടി രൂപയായി. ഓരോ ഇന്ത്യക്കാരന്റെയും കടം നാലരവര്‍ഷംമുമ്പ് ഉണ്ടായിരുന്ന 42,000ത്തില്‍ നിന്ന് 63,000ല്‍പരം രൂപയായി ഉയര്‍ന്നു.

പൊതുകടത്തില്‍ 51.7 ശതമാനം വര്‍ധന

രാജ്യത്തിന്റെ പൊതുകടം നാലരവര്‍ഷത്തില്‍ 51.7 ശതമാനം വര്‍ധിച്ച് 48 ലക്ഷം കോടി രൂപയില്‍നിന്ന് 73.25 ലക്ഷം കോടിയായി. ആഭ്യന്തരകടത്തിലുണ്ടായ 54 ശതമാനം വര്‍ധനയാണ് പൊതുകടം കൂട്ടിയത്. 68 ലക്ഷം കോടി രൂപയാണ് 2018 സെപ്തംബര്‍വരെയുള്ള ആഭ്യന്തരകടം. വിദേശകടം 5.25 ലക്ഷം കോടി രൂപയായി. മറ്റ് ബാധ്യതകള്‍ 8.55 ലക്ഷം കോടി രൂപയാണ്.
ആഭ്യന്തരകടത്തില്‍ ഏറ്റവും വലിയ പങ്ക് കമ്പോളത്തില്‍നിന്നുള്ള കടമെടുക്കലാണ്. ഇത് 57.50 ശതമാനം വര്‍ധിച്ച് 52.65 ലക്ഷം കോടി രൂപയായി.

അധികവരുമാനം, എന്നിട്ടും ബാധ്യത

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയിലെ വര്‍ധനവഴിമാത്രം മോഡി സര്‍ക്കാരിന് അഞ്ച് ലക്ഷം കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അധികമായി ലഭിക്കുക.

ആദായനികുതി ഉള്‍പ്പെടെ പ്രത്യക്ഷനികുതി വരുമാനത്തിലും വര്‍ധനയാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2017-18ല്‍ പ്രത്യക്ഷനികുതി വരുമാനം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 10.02 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 5.43 കോടിയില്‍നിന്ന് 6.84 കോടിയായി. ജിഎസ്ടി നടപ്പാക്കിയതോടെ പരോക്ഷനികുതി വരുമാനത്തിലും കേന്ദ്രത്തിന് നേട്ടമായി. എന്നിട്ടും കേന്ദ്രത്തിന്റെ കടബാധ്യത പെരുകുന്നത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News