ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി വന്ന സമരം മണ്ഡലകാല തീര്‍ത്ഥാടനം ക‍ഴിഞ്ഞ് ശബരിമല നട അടച്ചതോടുകൂടി ബിജെപി അവസാനിപ്പിക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സര്‍ക്കാറിന്‍റെ അജണ്ടയാണെന്നും വിശ്വാസികള്‍ക്കെതിരായി സര്‍ക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശബരിമലയില്‍ പ്രഖ്യാപിച്ച നിരാഹാരം പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.

ഡിസംബര്‍ മൂന്നിന് പ്രഖ്യാപിച്ച നിരാഹാര സമരത്തില്‍ സര്‍ക്കാരും ജനങ്ങളും തിരിഞ്ഞ് നോക്കാതായതോടെ സമരം കിടന്നിരുന്ന ആളുകളെ തരാതരം മാറ്റി സമരത്തെ നീട്ടിക്കൊണ്ടുപോവേണ്ട ഗതികേടിലായി ബിജെപി.

സുപ്രീം കോടതി ശബരിമല കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകൂടി ചെയ്തതോടെ ബിജെപി സംമരം എന്ത് കാരണം പറഞ്ഞ് അവസാനിപ്പിക്കും എന്നറിയാത്ത അവസ്ഥയിലായി.

മരണംവരെ നിരാഹാര സമരം എന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഫലത്തില്‍ സമരം റിലേ നിരാഹാര സമരമായി മാറി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍ മുതല്‍ അവസാനം പികെ കൃഷ്ണദാസ് വരെ ഏ‍ഴുപേര്‍ സമരപന്തലില്‍ വന്നുപോയെങ്കിലും സമരപന്തലിനപ്പുറം കുലുക്കമൊമ്മുമുണ്ടാക്കാന്‍ അവര്‍ക്കായില്ല.

ബിജെപി സമരത്തിനിടയില്‍ ശബരിമലയില്‍ നിരോധനാജ്ഞ തുടരാം എന്ന് സര്‍ക്കാറിനോട് ഹൈക്കോടതി പറഞ്ഞതും ബിജെപി സമരത്തെ അപ്രസക്തമാക്കി.

ജനുവരി രണ്ടിന് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുകൂടി ചെയ്തതോടെ എന്തിനാണ് ഇനിയും ഇത്തരത്തിലൊരു സമരമെന്ന് സമരപ്പന്തലില്‍ തന്നെ ചോദ്യമുയര്‍ന്നു.

സ്ത്രീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജപി സംഘപരിവാര്‍ ശക്തികള്‍ അ‍ഴിച്ചുവിട്ട സമരങ്ങളോട് സര്‍ക്കാരും കോടതിയും ശക്തമായ നടപടികളുമായി മുന്നോട്ട് പോയതോടെ അക്രമകാരികളൊക്കെ അ‍ഴിക്കുള്ളിലായി സംഘപരിവാര്‍ ഇച്ഛ നടപ്പിലാക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയായി.

സംഘപരിവാര്‍ സമരം ശബരിമലയില്‍ നിന്ന് മാറ്റിയതോടെ സന്നിധാനത്തേക്കും ഭക്തരുടെ ഒ‍ഴുക്ക് വര്‍ദ്ധിച്ചു. ജനപിന്‍തുണയില്ലാത്ത സമരത്തില്‍ നിന്ന് നേതാക്കളും അണികളും ഒരുപോലെ കൈയ്യൊ‍ഴിഞ്ഞതോടെ സമരപ്പന്തലില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി ഒതുങ്ങി.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തലെത്തുന്ന സമയത്ത് സമരം അവസാനിപ്പിക്കാം എന്ന ആഗ്രഹം സമരപ്പന്തല്‍ ഒന്ന് സന്തര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാവാതിരുന്നതോടെ അവസാനിച്ചു.

അതിന് പിന്നാലെയാണ് പെട്ടന്നൊരു ദിവസം കാരണമൊന്നും ഇല്ലാതെ തന്നെ സമരം അവസാനിപ്പിക്കുന്നത്.