ജാതിമേധാവിത്വമുള്ളവരാണ് ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത്; നിരാഹാര സമരം പരാജയമെന്ന് സ്വയം സമ്മതിക്കേണ്ട ഗതികേടിലാണ് ബിജെപിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതി മേധാവിത്വമുള്ളവരാണ്‌ ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ട്‌. സമരം സമൂഹത്തിൽ ഏശിയില്ലായെന്ന്‌ അത്‌ നടത്തിയവർ തന്നെ സമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സമൂഹത്തിലെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ ഇഎംഎസ്‌ അക്കാദമിയിൽ നടക്കുന്ന ശിൽപശാല ഉത‌്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിശ്വാസികൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. പുരുഷന്‌ തുല്ല്യമായ അവകാശം സ്‌ത്രീക്കുമുണ്ട്‌. അത്‌ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശമാണ്‌.

അത്‌ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. 1991 വരെ ഈ പ്രശ്‌നമില്ലായിരുന്നു. കേരളാ ഹൈക്കോടതി ചെയ്‌ത ഒരു തെറ്റ്‌ സുപ്രീംകോടതി തിരുത്തുകയായിരുന്നു.

സുപ്രീംകോടതിക്കെതിരെ പറയാനാവാത്തതുകൊണ്ട്‌ സംസ്ഥാന സർക്കാരിനെതിരെ തിരിയുകയാണ്‌. വിശ്വസികൾക്കെതിരെ ആരും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ വിശ്വാസികൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സ്‌ത്രീകൾക്കെതിരായ നീക്കം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ആ സമൂഹത്തെ മാറ്റിയെടുത്തവരാണ്‌ നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here