സെക്രട്ടറിയേറ്റിലെ നിരാഹാര സമരം അവസാനിപ്പിച്ചു; കണ്ണില്‍ പൊടിയിടാന്‍ അടുത്ത ഘട്ട സമരം പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുതലെടുപ്പിനായി ബിജെപി സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിവന്നിരുന്ന സമര നാടകം അവസാനിപ്പിച്ചു.

ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

49 ദിവസമായി നടത്തിവന്ന സമരത്തെ നേതാക്കളും പ്രവർത്തകരും ഒരേപോലെ കൈവിട്ടതോടെ ഗത്യന്തരമില്ലാതെ നിർത്തുകയായിരുന്നു.

ഒന്നരമാസംമുമ്പാണ‌് ബിജെപി അനിശ്ചിതകാലസമരം ആരംഭിക്കുന്നത്‌. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനാണ‌് നിരാഹാരം തുടങ്ങിയത‌്‌.

എന്നാൽ, സമരം ക്ലച്ചുപിടിച്ചില്ലെന്നുമാത്രമല്ല, കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കം സംസ്ഥാന സർക്കാർ അടിച്ചമർത്തുകയുംചെയ‌്തു.

പൊതുമുതൽ നശിപ്പിച്ചവരെ നിയമത്തിന‌് മുന്നിലുമെത്തിച്ചു. പൊതുസമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാനാകാത്ത സമരം നേതൃത്വത്തിന‌് വയ്യാവേലി ആയതോടെയാണ‌് നിർത്തിയത‌്.

ബിജെപിയിലെ ഗ്രൂപ്പ‌് വഴക്കിന്റെ ഭാഗമായി തുടങ്ങിയ നിരാഹാര സമരത്തോട‌് ഒരു വിഭാഗം എതിർപ്പ‌് ശക്തമാക്കിയിരുന്നു. മുൻനിര നേതാക്കളാരും തുടർസമരം ഏറ്റെടുക്കാൻ തയാറായില്ല.

ഇതോടെ പ്രവർത്തകർക്കുപോലും അറിയാത്ത നേതാക്ക‌ളെ കൊണ്ടുവന്ന‌് നിരാഹാരം കിടത്തേണ്ട അവസ്ഥയിലെത്തി സംസ്ഥാന പ്രസിഡന്റും സംഘവും.

ശബരിമലയുടെ മറവിൽ ഹർത്താലും അക്രമങ്ങളും വ്യാപമാക്കിയതോടെ പൊതുസമൂഹം ബിജെപി സമരത്തെ തള്ളിയിരുന്നു. സെക്രട്ടറിയറ്റ‌് വളയൽ ഉൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പ്രവർത്തകരെ കിട്ടാതെ ഉപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel