ക്രിമിനല്‍ കേസുകളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തുകൊണ്ടുവരാന്‍ പണപ്പിരിവിന് ആഹ്വാനവുമായി ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം

തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ക്രിമിനല്‍ കേസുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തിറക്കാനുള്ള പണപ്പിരിവിനുള്ള വേദിയായി. ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ ഉള്‍പ്പെട്ട് കേസില്‍പ്പെട്ടവരെയും ജയിലില്‍ കഴിയുന്നവരെയും പുറത്തിറക്കാനാണ് പണപ്പിരിവ്. സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയുമുള്‍പ്പടെ മര്‍ദ്ദിച്ചതിനും ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും വധശ്രമത്തിനുള്‍പ്പടെ അകത്തായവരെയും പുറത്തിറക്കാനുള്ള പണപ്പിരിവിനുള്ള ആഹ്വാനമാണ് സംഗമത്തില്‍ നടന്നത്.

ഞായറാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിലാണ് സംഗമം സംഘടിപ്പിച്ചത്. നിലവില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ‘ശതം സമര്‍പ്പയാമി’ എന്ന പേരില്‍ ധനസമാഹരണ കാമ്പയിന്‍ നടക്കുന്നുണ്ടെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് അയ്യപ്പ സംഗമത്തില്‍ ‘സഹഹ്രം സമര്‍പ്പയാമി ‘ എന്ന പുതിയ കാമ്പയിന്റെ പ്രഖ്യാപനം നടത്തയിത്. എല്ലാവരും ആയിരം രൂപ വീതം നല്‍കാനാണ് ആഹ്വാനം.

പരിപാടിയില്‍ സ്വാഗതം പറഞ്ഞ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അയ്യപ്പസംഗമത്തെ തന്റെ രാഷ്ട്രീയ പ്രഖ്യാപന വേദിയുമാക്കി. അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ തെളിയിക്കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടത്. ശ്രീ ശ്രീ രവിശങ്കറും അമൃതാനന്ദമയിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞാണ് പരിപാടിയില്‍ ആളുകളെ എത്തിച്ചതെങ്കിലും ശ്രീ ശ്രീ രവിശങ്കര്‍ പരിപാടിക്കെത്തിയില്ല. ശബരിമല കര്‍മ്മ സമിതി രക്ഷാധികാരി ചിദാനന്ദപുരിയുടെ അധ്യക്ഷനായി. അമൃതാനന്ദമയി പരിപാടി ഉദ്ഘാടനം ചെയ്തു. വിജി തമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here